പി വി കെ കടമ്പേരി പുരസ്‌കാരം

2017-08-03-PVK-Award (4)

ഇവർ, ഈ കുഞ്ഞു നക്ഷത്രങ്ങളാണ് നാളെ നമ്മുടെ നാടിനെ നയിക്കുക… പി വി കെ കടമ്പേരി മാഷിന്റെ സ്മരണക്കായി ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിനുള്ള പുരസ്‌കാരം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടനിൽ നിന്ന് തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ബാലവേദി പ്രവർത്തകർ ഏറ്റുവാങ്ങിയപ്പോൾ.. പതിനായിരം രൂപയുടെ പുസ്തകവും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരം…

നമ്മുടെ വായനശാലകൾ കിളിയൊഴിഞ്ഞ കൂട് പോലെ കുട്ടികളുടെ അഭാവം നേരിടുന്നുണ്ട്. കുട്ടികളുടേതാണോ കുഴപ്പം?. അല്ലെന്നാണ് ഞങ്ങളുടെ അനുഭവം.വിദ്യാലയങ്ങൾ പോലെ ശിശു സൗഹൃദമാവണം ഗ്രന്ഥാലയങ്ങളും. പുസ്തകക്കൈകളാൽ വരൂ എന്ന് അവരെ വിളിക്കണം വായനശാലകൾ. അവർക്ക് കളിമുറ്റമാവണം അവ. അവരുടെ ഉള്ളുണർത്തുന്ന കൂട്ടായ്മകൾ ഉരുത്തിരിയണം. അതിനായി ഓരോരുത്തരും നമ്മുടെ ഉള്ളിലെ മുതിർന്നയാളെ കുടഞ്ഞു കളയണം.അതിനുള്ള പരിശ്രമങ്ങൾക്കിടയിൽ പ്രചോദനമാണ് ഈ അംഗീകാരം… നന്ദി, നാളെയുടെ പതാകവാഹകർക്ക്….

2017-08-03-PVK-Award (1)

2017-08-03-PVK-Award (3)2017-08-03-PVK-Award (2)

Advertisements

ഡോക്യുമെന്ററി പ്രകാശനം

ഉറവ…. അനിൽ ഒഡേസയുടെ ഡോക്യുമെന്ററി സഫ്ദർ ഹാശ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച ചടങ്ങിൽ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പ്രകാശനം ചെയ്യുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമം

തിരിച്ചറിവിന്റെ ചില ശുഭസൂചനകളുണ്ട്.തായംപൊയിൽ എഎൽപി സ്കൂളിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളോട് വിട പറഞ്ഞ് ഇക്കുറി എത്തിയത് 4 കുരുന്നുകളാണ്. മോഹനവാഗ്ദാനങ്ങളുടെ വലവിരിച്ച് കഴുത്തറപ്പൻ സ്കൂളുകൾ നിരന്നിട്ടും ഒരാൾ പോലും പൊതുവിദ്യാലയങ്ങളെ ഉപേക്ഷിച്ചതുമില്ല… അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ പൊള്ളത്തരങ്ങൾ രക്ഷിതാക്കളുടെ വാക്കുകളിലൂടെ അറിയണം. എൽകെജിക്കാരന്റെ കയ്യിൽ സ്കൂൾ നടത്തിപ്പുകാരുടെ ഗീതാജ്ഞാനയജ്ഞത്തിന്റെ പിരിവു കുറ്റി…. മതം (ദം) കുത്തിവെക്കുന്ന പ്രാർത്ഥന…അങ്ങിനെ എന്തെല്ലാം… പൊതു വിദ്യാലയങ്ങൾക്ക് കാവലാളാവുക എന്ന സന്ദേശവുമായി സഫ്ദർ ഹാശ്മി ഗ്രന്ഥാലയ സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സംഗമം മെയ് 26 വെള്ളി വൈകിട്ട് 7ന്. എല്ലാവർക്കും സ്വാഗതം….

Pothu Vidhyabhyasa samrakshanam.jpg

അക്ഷരങ്ങള്‍ പൂക്കുന്നിടം…….

ഞങ്ങൾക്കായി എന്തു കരുതി വെച്ചു എന്ന വരും തലമുറയുടെ ചോദ്യത്തിന് ഇതാ, ഇതാണ് ഞങ്ങളുടെ ഉത്തരം…. പ്രിയ വായനക്കാരാ നിങ്ങൾ അന്വേഷിക്കുന്നതെന്തും ഈ പുസ്തകങ്ങളിലുണ്ട്! ഈ പുസ്തകങ്ങളിൽ ഇല്ലാത്തതൊന്നും പ്രപഞ്ചത്തിൽ ഇല്ലതാനും.  തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ഡിസൈൻഡ് എയർ കണ്ടീഷൻഡ് ലൈബ്രറി മന്ദിരം…. [ സമർപ്പണം ഞങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം നിരന്തരം സഞ്ചരിക്കുന്ന ഈ ദേശത്തിന്]

നവഭാവുകത്വം…

സ്നേഹവും അക്ഷരങ്ങളും, വായനയും മാനവികതയും മാനവികതയും സംഗമിക്കുന്നുണ്ട് ഈ മുദ്രയില്‍…ചെറുപഴശ്ശി സ്വദേശി ജിഷ്ണു രൂപകല്‍പന ചെയ്ത ഗ്രന്ഥാലയത്തിന്റെ പുതിയ ലോഗോ..

ഒരു സ്വപ്ന സാക്ഷാൽകാരത്തിന്റെ മധുരം…..

തായംപൊയില്‍ സഫ്ദര്‍ഹാശ്മി ഗ്രന്ഥാലയത്തിനായി നിര്‍മിച്ച ലൈബ്രറി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഗ്രാമീണ മേഖലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഡിസൈന്‍ഡ് എയര്‍കണ്ടീഷന്‍ഡ് ലൈബ്രറിയാണിത്. കൊല്‍ക്കത്ത രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍റെ പത്തുലക്ഷം രൂപ ഗ്രാന്‍റും നാട്ടുകാരുടെ സംഭാവനയും ചേര്‍ത്താണ് 25 ലക്ഷം രൂപ ചെലവില്‍ ഒന്നാം നില സജ്ജമാക്കിയത്. ڔചടങ്ങില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി.എം പി മാരായ ശ്രീമതി ടീച്ചര്‍,കെ കെ രാഗേഷ്,പി ജയരാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.  കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന പാരിസ്ഥിതികം ക്യാമ്പയിന്‍റെ ഭാഗമായുള്ള ഊര്‍ജഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്‍റ് പി ബാലന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ ആയിരം കുടുംബങ്ങള്‍ക്ക് 55 ശതമാനം സബ്സിഡി നിരക്കില്‍ എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നുണ്ട്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ലോഗോ പ്രകാശനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു ഉപഹാരം വിതരണം ചെയ്തു.കേരള ക്ലേസ് ആന്‍റ് സിറാമിക്സ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍,ജില്ലാ പഞ്ചായത്ത് അംഗം കെ നാണു, ബിജു കണ്ടക്കൈ, ടി പി കുഞ്ഞിക്കണ്ണന്‍, വി ഒ പ്രഭാകരന്‍, എം വി അജിത, എം വി രാധാമണി, കെ പി കുഞ്ഞികൃഷ്ണന്‍, പി കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി മന്ദിരം ഉദ്ഘാടനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച  കടൂര്‍ ഗ്രാമോത്സവത്തില്‍ പങ്കെടുത്ത  250 കലാപ്രതിഭകളെയും തായംപൊയില്‍ എഎല്‍പി സ്കൂളിലെ എല്‍എസ്എസ് ജേതാക്കളെയും എസ് എസ് എല്‍ സി ഉന്നത വിജയം നേടിയവരെയും വായന മത്സര വിജയികളെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പി പി സതീഷ് കുമാര്‍ സ്വാഗതവും സി പി നാസര്‍ നന്ദിയും പറഞ്ഞു…

ഗ്രാമോത്സവകാഴ്ചകൾ

കലയുള്ളിടത്ത് കലാപമില്ല…. ഞാനും നീയുമില്ല…. നമ്മൾ മാത്രം…. ഗ്രാമോത്സവത്തിലെ അതിഥികൾ….

ദി ഗ്രേറ്റ്‌ മാസ്റ്റേഴ്സ്…. കടൂർ ഗ്രാമോത്സവത്തിന്റെ നേർ അവകാശികൾ ഇവർ….തിളച്ചുമറിയുന്ന ലോഹക്കൂട്ട് മൂശയിലേക്ക് പകർന്ന് ശിൽപം മെനയുന്നതുപോലെയാണ് ഇവർ ആട്ടത്തിലെ 250 കലാപ്രതിഭകളിൽ നിന്ന് നൃത്തത്തെ കണ്ടെടുത്തത്… ഈ ദേശത്തിന്റെ ചരിത്ര പുസ്തകത്തിൽ പ്രിയപ്പെട്ട നാസർ പറശിനി, ബവേഷ് ദേവസ്, രമ്യ,അബ്ദുൾ ഗഫൂർ, ഷബീർ…. നിങ്ങൾക്കും സവിശേഷമായ ഇടമുണ്ട്….

ഇങ്ങിനെ പരസ്പരം ഹൃദയമിടിപ്പുകൾ കേൾക്കാവുന്നത്രയും അരികെ ചേർന്നിരുന്നാണ് ഞങ്ങൾ മതത്തിന്റെ, ജാതിയുടെ, മറ്റനേകം അതിർവരമ്പുകളെ മായ്ച്ചു കളഞ്ഞത്…. കടൂർ ഗ്രാമോത്സവത്തിലെ കാഴ്ച..

കടൂർ ഗ്രാമോത്സവം- ഉദ്ഘാടനം: ശ്രീ കരിവെള്ളൂർ മുരളി

കടൂർ ഗ്രാമോത്സവം- ഉദ്ഘാടനം: ശ്രീ കരിവെള്ളൂർ മുരളി

അരങ്ങിലേക്ക്….

മുതിർന്ന പൗരന്മാരുടെ മനസ് തേടുന്നത്… പരിഗണനയും സ്നേഹവും സാമീപ്യവും ആണ്… ഒറ്റപ്പെടൽ പോലെ മറ്റൊന്നും അവരുടെ മനസിനെ വേദനിപ്പിക്കില്ല. മുതിർന്ന പൗരന്മാരുടെ നാടകത്തിൽ നിന്ന്….

ഒപ്പനത്താളം…

ഒപ്പനത്താളം…

യു വി ഡാൻസ്…

ചമയപ്പുരയിലെ കൗതുകക്കാഴ്ച്ചകൾ….

ചമയപ്പുരയിലെ കൗതുകക്കാഴ്ച്ചകൾ….

റോക്കിങ് റിഥം….

ഫ്ളമിംഗോ നൃത്തം….

ഫ്ളമിംഗോ നൃത്തം….

ബോളിവുഡ് ഡാൻസ്.

കടൂർ ഗ്രാമോത്സവം – ഇന്ത്യൻ കണ്ടംപററി ആക്ട്

സഫ്ദർ ഹാശ്മി ബാലവേദി അവതരിപ്പിച്ച നാടകം ”ചോരണകൂര”

കവിളിയോട്ട് ചാൽ ജനകീയ വായനശാല അവതരിപ്പിച്ച സംഗീതശിൽപ്പം ”അമ്മ”

ആട്ടം നോൺസ്റ്റോപ്പ് ഡാൻസ് ഫ്യൂഷനിൽ നിന്ന്..

നന്മയുടെ തീപ്പൊരി..

സ്നേഹം നിറഞ്ഞ നന്മയുള്ള ഒരുപാട് ഒരുപാടുപേരുടെ പ്രയത്നത്തിലൂടെ തായംപോയിൽ സഫ്ദർ ഹാശ്മി വായനശാല അതിമനോഹരമായ് അണിയിച്ചൊരുക്കിയ വർണശഭളമായ കടൂർ ഗ്രാമോത്സവം അവസാനിച്ചിരിക്കുന്നു….😘😘

ഒരുപാട് പേരിലേക്ക് മാറ്റത്തിന്റെ തിരിച്ചറിയലിന്റെ സ്നേഹത്തിന്റെ സംഘാടനത്തിന്റെ ഒരായിരം നറുമുല്ല പൂക്കൾ വിരിയാനായി ഈ ഗ്രാമോത്സവം സഹായകമായിരിക്കുന്നു എന്ന് നിസംശയം നമുക്ക് ഉറക്കെ ഉറക്കെ വിളിച്ചു പറയാം.😍😍

സഫ്ദർ ഇനിയും ഇനിയും ഗ്രാമത്തിന്റെ ആത്മാവിനെ തൊട്ട് തൊട്ട് ഉറക്കെ ഉറക്കെ വിളിച്ചു പറയൂ ”ഈ ഗ്രാമത്തിൽ നന്മ നിറഞ്ഞ ഒരു വായനശാലയുണ്ടെന്ന്”’….

ചെവിയടഞ്ഞവരേ കണ്ണുമൂടിയവരേ ചലനമറ്റവരേ….
ചെവിയും കണ്ണും ശരീരവും കേട്ട് കണ്ട് ഉയർന്ന് നടക്കൂ… അവർ വെട്ടിയ ആ നന്മയുടെ പുതു വഴിയിലൂടെ..😊😊

— മഞ്ചാടി

സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ടൂൾ ബോക്സിൽ നിന്ന് പൊലീസ് ബാരകിലേക്കും മറ്റും തെറിച്ചു പോയ 16 ന്റെ സ്പാനറിന് പകരം പറ്റിയത് ചിലത് തേടുകയായിരുന്നു ഞങ്ങൾ… ചിലയിടത്ത് നിന്ന് വെളുത്ത പുകയൊക്കെ കണ്ട് തുടങ്ങിയതിന്റെ സന്തോഷം ചെറുതല്ല ! കടൂർ ഗ്രാമോത്സവത്തിന് വേണ്ടി രണ്ടു മാസത്തിലധികമായി ചോര വെള്ളമാക്കുന്ന ചങ്ങായിമാർ ലിഗേഷ്, ഗിരീഷ്, ശരത്, അർജുൻ, അനീഷ്, ഷാജി മാഷ്, വൈശാഖ്, അഭി തുടങ്ങി നീണ്ട നിരയുണ്ട്…. അനേകം പാതിരാത്രികളിൽ ഉണർന്നിരുന്നവർ… നയിപ്പിന്റെ ക്ഷീണത്തെ തമാശകൾ കൊണ്ട് മറന്നവർ.… സ്വന്തം കാശിന് പെട്രോളടിച്ച് കിലോമീറ്ററുകൾ ബൈക്കിൽ പല കാര്യങ്ങൾക്കായ് പാഞ്ഞവർ… സഫ്ദറിന്റെ ജഴ്സിയണിഞ്ഞ് ഞങ്ങൾക്കൊപ്പം നിരന്ന കുഞ്ഞൻ ചുവപ്പു കുപ്പായക്കാർ… നൃത്ത പരിശീലകർക്ക് ഊഴമിട്ട് താമസവും ഭക്ഷണവും ഒരുക്കി ഞങ്ങളെ സ്നേഹ ഭാരത്താൽ വീർപ്പുമുട്ടിച്ച അമ്മമാർ….. നമ്മളിൽ ഒരാളായി, അതിഥികളായി ഒപ്പംചേർന്ന കൊറിയോഗ്രാഫി, നാടകസംഘം.. രശീതിയിൽ ഇഷ്ടമുള്ള തുക എഴുതിയെടുക്കാൻ അനുമതി തന്ന ഈ ദേശം…..ഇവർ എല്ലാവരും ചേർന്നതാണ് കടൂർ ഗ്രാമോത്സവം, സഫ്ദർ ഹാശ്മിഗ്രന്ഥാലയം.. ചരിത്രത്തിനും വർത്തമാനത്തിനും മീതേ വക്കുകളിൽ ചോര പൊടിയുന്ന അക്ഷരങ്ങളാൽ ഞങ്ങൾ ഈ ഗ്രാമോത്സവത്തെ രേഖപ്പെടുത്തി വെക്കുന്നു… നന്ദിയും ഉപചാരങ്ങളുമില്ല, നിറഞ്ഞ സ്നേഹം മാത്രം!

ഗ്രാമോത്സവം 4: മൊഴി (Festival Book)

കടൂർ ഗ്രാമോത്സവം ഫെസ്റ്റിവൽ ബുക്ക് പ്രകാശനം

ഗ്രാമോത്സവത്തിന്റെ നിറങ്ങൾ അത്രയും ഈ ഫെസ്റ്റിവൽ ബൂക്കിന്റെ കവറിലുണ്ട് …ചിലരുടെ സർഗാത്മകത നമ്മെ വിസ്മയിപ്പിക്കും… തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ലൈബ്രറി മന്ദിരം ഉദ്‌ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കടൂർ ഗ്രാമോത്സവം…. സീസൺ 4ന്റെ ഫെസ്റ്റിവൽ ബുക്ക് അത് പോലെ ഒന്നാണ്….നന്ദി ..ശ്രീകണ്ഠപുരം വിൻവേ ഓഫ്‌സെറ്റ് പ്രെസ്സിനും ഡിസൈനർ ജിഷ്ണുവിനും….

ഗ്രാമോത്സവം 4: ആശംസകൾ

ആശംസകളുമായി സിനിമാലോകം…

“കടൂർ ഗ്രാമോല്സവത്തിനു എന്റെ എല്ലാവിധ ആശംസകളും …….
അന്യം നിന്നു പോകുന്ന കേരളീയ ജീവിതത്തിന്റെ ഗ്രാമ നന്മകളെ തിരിച്ചു പിടിക്കാനും അതിനെ മാനവീകമായി പുതുക്കി പണിയാനും ഇത്തരം ഗ്രാമോല്‍സവങ്ങള്‍ക്കാണ് സാധിക്കുക………”

ജോയ് മാത്യു
ആക്ടർ / ഡയറക്ടർ

ഗ്രാമോത്സവം 4: റിഹേഴ്സൽ ക്യാമ്പിൽ നിന്നും

 

സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം, മയ്യിലിന്റെ ഞങ്ങളുടെ നാടക റിഹേഴ്സൽ ക്യാമ്പിൽ പ്രശസ്ത ഹാസ്യ സാമ്രാട്ട് മറിമായം ഫെയിം ശ്രി. ഉണ്ണിരാജ് ചെറുവത്തൂർ എത്തിയപ്പോൾ…. (20 April)

കടൂർ ഗ്രാമോത്സവം-സീസൺ നാലിലെ കുട്ടിപ്പട്ടാളം റിഹേഴ്സൽ ക്യാമ്പിൽ…. (20 April 2017)

ഗ്രാമോത്സവം 4: റിഹേഴ്സൽ ക്യാമ്പ്

2017-04-02-Practice-notice

കടൂർ ഗ്രാമോത്സവം വെറുമൊരു ആഘോഷമല്ല, ഈ നാടിന്… മതത്തിന്റെ, ജാതിയുടെ, സമ്പത്തിന്റെ, അധമ ബോധത്തിന്റെ അതിർവരമ്പുകളെ മായ്ച്ചു കളയുന്ന ഉത്സവം തന്നെയാണത്. കടൂർ എന്ന ദേശം ഒറ്റച്ചരടിൽ കോർത്താലെന്ന പോലെ ഒന്നാകുന്ന കാലം. നെയ്ത്തോടങ്ങളുടെ അവിരാമമായ സംഗീതം പോലെ അതിന്റെ ഭൂതകാലകുളിർ കാലമെത്ര കഴിഞ്ഞാലും ഈ നാട് ഓർത്തുവെക്കുക തന്നെ ചെയ്യും .ഇതാ, ഒരിക്കൽ കൂടി കടൂർ ഗ്രാമോത്സവത്തിന്റെ ആരവങ്ങൾ അരികിലേക്ക്… ഇന്നാണ് തിരിതെളിയുക

 

കടൂർ ഗ്രാമോത്സവം – സീസൺ 4

നാം ഹൃദയത്തോടാണ് കടൂർ ഗ്രാമോത്സവത്തിന്റെ മൂന്ന് സീസണുകൾ ചേർത്തുവെച്ചത് … നമുക്കിടയിലെ നൂറുകണക്കിന് കലാപ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് വേദിയിലെത്തിച്ചപ്പോൾ ജനം തിരമാലകൾ കണക്കെ ആർത്തിരമ്പുകയായിരുന്നു. സെലിബ്രിറ്റികൾ അണിനിരന്ന വമ്പൻ മെഗാഷോകളെ വെല്ലുന്ന നൃത്തസമന്വയം കാലമെത്ര കഴിഞ്ഞാലും ഈ നാട് ഓർത്തുവെക്കുക തന്നെ ചെയ്യും. ഒരിക്കൽ കൂടി ഗ്രാമോത്സവത്തിന്റെ ആരവങ്ങൾ ഉയരുകയായി. സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഗ്രാമോത്സവം സീസൺ – 4 അണിയറയിൽ ഒരുങ്ങുന്നു. 250 കലാപ്രതിഭകൾ അണിനിരക്കുന്നതാണ് മെഗാഷോ. നൃത്തസമന്വയം, സംഗീതശിൽപം, സ്ത്രീ നാടകം, കുട്ടികളുടെ നാടകം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ പങ്കാളികളാവാൻ അതാത് മേഖലകളിൽ അഭിരുചിയുള്ളവരെ സ്നേഹപൂർവം ക്ഷണിക്കുന്നു. മെഗാഷോയിൽ പങ്കെടുക്കുന്നവരുടെ ആലോചനായോഗം മാർച്ച് 11 ശനി പകൽ 2 ന് ഗ്രന്ഥാലയത്തിൽ ചേരുന്നു. വരുമല്ലോ….. അന്വേഷണങ്ങൾക്ക് 9400676183….

2017-03-31-Gramothsavam_2

വനിതാ തൊഴിൽ പരിശീലനം

അൽപം കലാബോധമുള്ള, സ്വന്തം കാലിൽ നിൽക്കാൻ കൊതിക്കുന്ന, പരിസ്ഥിതി ബോധമുള്ള, അധ്വാനശീലയായ വനിതയാണോ താങ്കൾ?എങ്കിൽ താങ്കൾക്കുള്ളതാണ് ഈ അവസരം. മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. അങ്ങേയറ്റം താൽപര്യമുള്ള പരിസരവാസികൾക്ക് സ്വാഗതം.

നാം വലിച്ചെറിയുന്ന ബോൾ പേനകൾ എത്രയെന്ന്, അവ നമ്മുടെ പരിസ്ഥിതി ഏൽപിക്കുന്ന പരിക്ക് എത്രയെന്ന് എപ്പോഴെങ്കിലും ആലോച്ചിട്ടുണ്ടോ? ആഴ്ചയിൽ ഒരു പേന വീതം ഉപയോഗിക്കുന്ന ഒരു വിദ്യാർത്ഥി വർഷം തോറും അൻപത് പ്ലാസ്റ്റിക് പേനകൾ മണ്ണിലേക്ക് ഉപേക്ഷിക്കുന്നുണ്ട്. ഇവക്ക് പകരം പഴയ മാസികത്താളുകൾ കൊണ്ട് എളുപ്പം നിർമ്മിക്കാവുന്നവയാണ് പേപ്പർ പേനകൾ. തുമ്പയുടെ, തുളസിയുടെ വിത്തുകൾ നിറച്ച പേപ്പർ പേനകൾ നമ്മുടെ പരിസ്ഥിതി ബോധത്തിന്റെ കൂടി പ്രതീകമാണ്. വലിച്ചെറിയുമ്പോഴും തളിർപ്പുകൾ ശേഷിപ്പിക്കുന്ന പേനകൾ.
അതുപോലെ തന്നെയാണ് മുള യും…..മനുഷ്യന്റെ ആദിമജീവിതം തൊട്ടേ അത് അവന്റെ കൂടെയുണ്ട്… നാം ഇന്ന് ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളിൽ ഒന്നൊഴിയാതെ നമുക്ക് മുള യിൽ ഉണ്ടാക്കാം…
നാം പാഴ്‌വസ്തുക്കൾ എന്ന് മുദ്രകുത്തി വലിച്ചെറിയുന്ന പലതും അതല്ല… അവ സുന്ദരമായ സൃഷികളാക്കി മാറ്റാം…മനസ്സുവെച്ചാൽ അവയുടെ നിർമാണ വിദ്യ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ അവസരം.അൽപം കലാബോധമുള്ള, സ്വന്തം കാലിൽ നിൽക്കാൻ കൊതിക്കുന്ന, പരിസ്ഥിതി ബോധമുള്ള , അധ്വാനശീലയായ വനിതയാണോ താങ്കൾ?എങ്കിൽ താങ്കളെയാണ് ഞങ്ങൾ അന്വേഷിക്കുന്നത്. മുപ്പത് പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. അഞ്ചുപേർക്ക് കൂടി മാത്രം അവസരം ശേഷിക്കുന്നു. അങ്ങേയറ്റം താൽപര്യമുള്ള പരിസരവാസികൾക്ക് സ്വാഗതം. ഫോൺ: 9400676183.

 

2017-03-18-thozhil_parisheelanam

മാതൃഭൂമി കൃഷിഭൂമി പുരസ്കാരം

ആത്യന്തികമായി മണ്ണിൽ ചവുട്ടി നിൽക്കുന്നവൻ തന്നെയാണ് സമാദരിക്കപ്പെടുക…..ഈ സന്തോഷം ഞങ്ങളുടേത് കൂടിയാണ്!!

2017-03-14-MB-award

 

” ചെലപ്പെല്ലം എനിക്ക് തോന്നും, ഞാനൊരു മണ്ണെരയാന്ന്. പകല്ന്നും രാത്രീന്നും ഇല്ലാണ്ട് മണ്ണിൽ പൊളക്ക്ന്ന മണ്ണെര. പതിനൊന്നാം വയസില് ഇറങ്ങിയതാണ് വയലില്.പിന്നെ ഈ കാണ്ന്ന വയലില് തന്നെ ജീവിതം. പത്തയ്മ്പത്തഞ്ച് കൊല്ലത്തിനിടെ പെയ്ത മഴയത്തറേം ഞാൻ ഈ വയലില് നിന്ന് കൊണ്ട്റ്റ്ണ്ട്. മാങ്ങാടൻ തോർത്ത് മുണ്ടും തലേക്കെട്ടും. വയലില് കുപ്പായം പറ്റൂല്ല. അങ്ങിനെ കരിഞ്ഞ് പോയതാണ് എന്റെ മേല്.ദാ, ആ കാണ്ന്ന മലയൻ കുനിമ്മല് ഉസ്കൂളില് അഞ്ചില് നിർത്തിന് പഠിത്തം.അന്നേ ചെവിട് കേട്ടൂs. മാഷന്മാര് പറീന്നത് കേട്ടാലല്ലെ എന്തെങ്കിലും പഠിക്കാൻ പറ്റൂ?.. അങ്ങിനെ പഠിത്തം നിന്നു.പിന്നെ അച്ഛന്റൊപ്പരം വയലില് തന്നെ എത് നേരോം.ബെല്യ ഉത്സാഹേര്ന്ന് കിളക്കാനും മറിക്കാനും. പൊടിച്ചെക്കൻ ഉച്ചവെയില് കൊള്ള്ന്നത് ബെല്യ മനപ്രയാസേര്ന്ന് അമ്മക്ക്. എന്തോ മണ്ണ്ല്ള്ള പണി കഷ്ടപ്പാടായി തോന്നീറ്റല്ല എനക്ക്.നമ്മള്ട്ട വിത്ത് മൊളക്കുമ്പം.. പൂക്കുമ്പം… കായി പിട്ക്കമ്പം മനസില് ഇണ്ടാവുന്ന ഒരു സന്തോഷംണ്ട്.. അത് അനുഭവിച്ചന്നെ അറിയണം. നമ്മക്ക് ഒരു കുഞ്ഞ്ണ്ടാവ്ന്നത് പോലെ തന്നെ… ചെലപ്പം ഞാൻ മണ്ണിനോടും കരിമ്പ്നോടും ബർത്താനം പറയും. അതും ചെലതെല്ലം എന്നോട് പറയ്ന്ന്ണ്ട്ന്ന് എനിക്ക് തോന്നും. അങ്ങിനെ മിണ്ടിപ്പറഞ്ഞിരിക്കുമ്പം മറ്റൊന്നും ചിന്തേല്ണ്ടാവൂല. പൊടി ചെക്ക നായ കാലത്തേ കിളക്കാനും എടകൊത്താനും എനിക്കൊരു മിട്ക്ക്ണ്ട്. കയ്പ്പക്ക് നല്ല പാങ്ങില് ഒല്ലല് കുത്തും.കുണ്ട് കൊളത്തന്ന് മൺപാനീല് വെള്ളം തൂക്കി നട്ടിക്ക് നനച്ച് അന്നേ അന്റെ ശരീരം ഒറച്ച്.ഈ കരിമ്പ് അത്ര എളുപ്പുള്ള പണിയല്ല .തിന്നുമ്പേ ഉള്ളൂ കരിമ്പിന് മധുരം. ഓലകൊണ്ട് മേലാകെ മുറിയും. മൊരം മൂർച്ചയാണ് കരിമ്പോലക്ക്. പുതിയ ബ്ലേഡ് പോലെ. ബ്ലേഡോണ്ട് വരഞ്ഞപോലെ ചോര ഒലിപ്പിച്ചാണ് പണി കേറുക. കുളിക്ക്മ്പം ചൂട് വെള്ളം മേത്ത് പോരുമ്പം ആകെ ഒരു പോച്ചലാണ്.അങ്ങിനെ മടുത്ത് റ്റ് ഒരു കൊല്ലം കരിമ്പ് പണി നിർത്തി.അച്ഛനായി തൊടങ്ങിയ കൃഷിയാണ്.കൃഷി ബേണ്ടാന്ന് ബെച്ച നാള് മുതൽ ഒറങ്ങാനായില്ല. മനസ്സില് ഒരു പൊരു പൊരുപ്പാട്.ദാമൂ.. നീ ചെയ്തത് ശരിയായ്ല്ലാന്ന് ഉള്ള്ന്ന് ഒരാന്തല്… പിറ്റേ കൊല്ലം എട്ന്ന്ല്ലോ തണ്ട് ശരിയാക്കി പിന്നേം കരിമ്പ് നട്ട്.പാപ്പിനിശേരി മൂന്ന് പെറ്റുമ്മ പള്ളിലും ആയാർ മുനമ്പത്തും മാണിയൂര് പാറാപ്പള്ളീലും പത്തയ്മ്പത് കൊല്ലായി ഈ കരിമ്പാണ്. നേർച്ചക്കാലത്ത് പാട്ടക്കാര് വന്ന് കൊണ്ടോവും. പണ്ടൊക്കെ ഞാളന്നെയാണ് നേർച്ചക്ക് കൊണ്ടോയി കൊടുക്ക്വ.അതിലൊരു സ്നേഹോം തൃപ്തീം ഇണ്ടേര്ന്ന്…. “”…… [ഭാഗം ഒന്ന് അവസാനിക്കുന്നു ]കൊണം കെട്ടുപോയ മണ്ണിൽ എല്ലാർക്കും വേണ്ടി നയിക്ക്ന്നോൻ ” മലയൻകുനി ദാമോദരന്റെ ജീവചരിത്രത്തെ കൂട്ടുകാരനായ കെ പി കണ്ണേട്ടൻ ( ബഡായി കണ്ണൻ എന്ന പേരാണ് സുപരിചിതം. -ഇരട്ടപ്പേരാണ് ! കണ്ണേട്ടൻ ക്ഷമിക്കുക) ഒറ്റവാക്കിൽ കാച്ചിക്കുറുക്കി അവതരിപ്പിച്ചത് ഇങ്ങിനെയാണ്. ദാമുവേട്ടന്റെ ഭാഷയിൽ പൂല് ഇല്ലാണ്ടാവുകയാണ് ( പൂല് എന്നാൽ ഞങ്ങളുടെ നാട്ടിൽ നനവ് എന്നർത്ഥം. അലങ്കരിച്ച സാഹിത്യ ഭാഷയിൽ ആർദ്രത എന്നൊക്കെ പറയാം) മണ്ണിൽ. കൃത്രിമ കൃഷി രീതികളും കണ്ണില്ലാത്ത നിർമാണവും നമ്മുടെ ദുരയും മണ്ണിനെ അത്രമേൽ മാറ്റിയിരിക്കുന്നു! പഞ്ചാര വാക്കുചൊല്ലി മണ്ണിനെ മയക്കിയോൻ എന്ന ഈരടി കണ്ണേട്ടൻ ചൊല്ലിയത് ദാമുവേട്ടനെ കുറിച്ചായിരുന്നു! മണ്ണിനെ മയക്കിയെടുത്തവൻ എന്ന കണ്ണേട്ടന്റെ വാക്കുകൾ എത്ര അർത്ഥവത്താണ്! ദാമുവേട്ടൻ വിളിച്ചാൽ മണ്ണ് വിളി കേൾക്കുന്നുണ്ട്. മണ്ണിന്റെ മിടിപ്പുകൾ തിരിച്ചറിയുമ്പോഴാണ്മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം തന്നെയാണ് കണ്ണേട്ടൻ പറയുന്നത്. മലയൻകുനി ദാമോദരേട്ടനുമായുള്ള സംഭാഷണം തുടരുന്നു: പത്തിരുപത് കൊല്ലം മുൻപ് വരെ ചെക്യാട്ട് പത്തും പന്ത്രണ്ടും ഏക്കർ പാട്ടത്തിന് വാങ്ങീറ്റ് കൊളളിക്കേങ്ങ് (കപ്പ) നട്ടിറ്റ്ണ്ട് ഞാൻ. ഇപ്പം ചെക്യാട്ട് ഒരു കൂടംകുത്താൻ സലം ല്ലാണ്ടായി.വാർപ്പ് വീട് വെച്ചിറ്റ് അയില് കൂട്യാല് തിന്നാൻ ആര്ണ്ടാക്കും. മണ്ണിനെ വെറ്പ്പിച്ച്റ്റ് ആര് നന്നാവാൻ? ഒര്ക്വിന്റല് കൊളളിക്കേെങ്ങാക്കെ ചാലോട്ടേക്ക് തലപ്പേറ് കൊണ്ടോയിറ്റ്ണ്ട്. അങ്ങിനെ തലപ്പേറ് നടന്നിറ്റ് ഇരുപത്തഞ്ച് ഉറുപ്പിക കിട്ടാത്തോണ്ട് മടക്കിക്കൊണ്ടന്ന് ഇടവലക്കാർക്ക് കൊടുത്തിറ്റും ഇണ്ട്. നയിച്ച് ണ്ടാക്കോന്നോന് അയിന് തക്ക വെല ഇപ്പളും ഇല്ല.പത്തും നൂറും കിലോ പച്ച പറങ്കി പറിക്കാനുണ്ടാവും അന്നൊക്കെ. കൊള്ളിക്കേങ്ങിന്റെടക്കാണ് പറങ്കി നടുക. പത്ത് പായീലൊക്കെ അന്നേരം മൊളക് ഒണക്കാനിടും. കൂട്ടിപ്പിടിച്ച് മയപെയ്തിറ്റ് പറം കെട്ടി ഒണക്കീറ്റ്ണ്ട്. കൃഷിപ്പണി എല്ലാ കാലത്തും വല്യ ബെശമം പിടിച്ച ഒന്നന്നെ. പക്കേങ്കില് അയിലൊരു സുഖംണ്ട്.നടുമുറിയുമ്പോലെ കണ്ടത്തില് പണിയെടുത്ത്, നല്ലോണം വെയർത്തിട്ട് കിട്ടുന്ന ഒറക്കംണ്ട്.അതൊന്നും പൈശകൊട്ത്താൽ കിട്ടൂല. ഈ പച്ചക്കറി നട്ന്നേന് ഒരു മട്ട്ണ്ട്. എടകൊത്തണ്ട നേരത്ത് അത് ചെയ്യണം. ചാണകം കലക്കി ഒഴിക്കണ്ട നേരം നോക്കി അത് ചെയ്യണം. നേരം കിട്ട്മ്പം ചെയ്തിറ്റ് കാര്യംല്ല. ഈ കരിമ്പിന്റെ പണിക്ക് ആയിരം ഉറ്പ്യ കൊട്ക്കാന്ന് പറഞ്ഞാൽ ആരും ബെരൂല്ല. മേല് മുറിയൂലേ. അത് ഞാനും രാഘവനും (അനിയൻ) തന്നെ ചെയ്യണം. എന്നാലും പോര, ചെലര് രാത്രീല് കരിമ്പ് പൊട്ടിച്ചോണ്ട് പോവും. ഒന്നും രണ്ടുംല്ല. കൂട്ടത്തോടെ.. അയിന് രാത്രീല് ഒറക്കൊയിഞ്ഞ് -കാവല് നിൽക്കണം. നയിച്ചോന മക്കാറാക്ക്ന്ന ഏർപ്പാട് വിടാൻ പറ്റ്വോ?ഈ പെടപ്പ് കണ്ടിറ്റ് ചെലര് പറയും. മതിയായിക്കൂടേ ദാമേട്ടാന്ന്. ബേജാറോണ്ടാന്ന്. എന്നാലും ദാമൂനെപ്പോലെ എല്ലാരും നിർത്ത്യാല് പിന്നെ നമ്മളെങ്ങനെ തിന്നു oന്ന് ആരും ആലോയ്ക്ക്ന്ന്ല്ല! മണ്ണില് നേരോം കാലോം നോക്കാണ്ട് നയിച്ചതോണ്ട് വയസ് കാലത്തും നല്ല കര്ത്ത്ണ്ട് അനക്ക്.. പണ്ടേ ഇങ്ങിനെ തന്നെ…. അതോണ്ട് പാർട്ടീന്റെ ജാഥക്ക് മൈക്ക് പേറുക ഞാനാണ്. ഒരിടത്തും ബെക്കാണ്ട് ഈ കിളിയളോo മുല്ലക്കൊടീം കയരളോം ചുറ്റീട്ട്ണ്ട്. അതൊര് ആവേശം തന്നെയാണ്. അടിയന്തിരാവസ്ഥ കാലത്ത് അവര് പല തവണ ഞാളെ പീട്യ കത്തിച്ച്റ്റ്ണ്ട്.ഒരിക്കല് ചട്ടി തൊപ്പിക്കാര് വീട് വളയാൻ വന്നപ്പം ഞാള് മണ്ടി. കെള ചാടി മറഞ്ഞപ്പോൾ പെട്ട് പോയത് ചീങ്ങ മുള്ളിന്റെ കാട്ടിലേനും. ഒച്ചേം ബഹളോം തീർന്ന് നൂണ് വന്നപ്പം മേല് പറ്റെ മാന്തിപ്പൊളിച്ച പോലായിര്ന്ന്! ഈ മണ്ണ്ന്ന് ഒര് ദെവസം മാറി നിൽക്കാൻ എനിക്ക് പറ്റൂല. പിന്നെ ഞാനില്ല! ( മലയൻകുനി ദാമുവേട്ടൻ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം പ്രവർത്തകരുമായും എൻ ഉണ്ണികൃഷ്ണൻ പുരസ്കാര നിർണയ സമിതിയുമായും നടത്തിയ ദീർഘ സംഭാഷണം…. ]

 

വനിതാ ദിനാചരണം

മാറ്റത്തിനായി കരുത്താർജ്ജിക്കുക!നാം ആഗ്രഹിക്കുന്ന പെൺജീവിതം പോലെ വൈവിധ്യമുണ്ട്, സർഗാത്മകതയുണ്ട് ഈ വർഷത്തെ വനിതാ ദിനാചരണത്തിന്!

2017-03-08-Vanitha-dinam

പാലിലിട്ട് തിളപ്പിച്ച കത്തി കൊണ്ട് പച്ചയ്ക്ക് ലൈംഗികാവയവം മുറിച്ചു മാറ്റിയാണ് ഞങ്ങളിൽ പലരും ഞങ്ങൾ ആഗ്രഹിച്ച പെൺജീവിതത്തെ നേടിയത്. ലിംഗം മുറിച്ചുമാറ്റിയതിന്റെ മുറിവ് ഉണക്കാൻ തിളപ്പിച്ച വെളിച്ചെണ്ണ ഒഴിച്ചപ്പോൾ അനുഭവിച്ചതിനേക്കാൾ വേദന ഞങ്ങൾക്ക് തോന്നുന്നത് ഈ സമൂഹത്തിന്റെ അവഗണനയിലാണ്..ഞങ്ങളെ പെണ്ണായോ ആണായോ അല്ലെങ്കിൽ ഭിന്ന ലിംഗക്കാരിയായോ പരിഗണിക്കുന്ന സമൂഹമല്ല നാം സ്വപ്നം കാണുന്നത്… വ്യക്തിയായി പരിഗണിക്കുന്ന സമൂഹത്തെയാണ്.ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പ്രതിസന്ധികൾ, വെറുപ്പ്, വേർതിരിവ്,  എന്നിവയിലൂടെ കടന്നുപോകുന്നതാണ്ഓരോ ട്രാൻസ്ജെൻഡറിന്റെയും ജീവിതം…ഞങ്ങൾ അഭിമാനിക്കുന്നു…. പെൺജീവിതം കൊതിക്കുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിലെ പ്രതിനിധികളെ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ അതിഥികളാക്കാൻ കഴിഞ്ഞതിൽ… നന്ദി.. ഇഷ കിഷോർ, മീര…

2017-03-08-Vanitha-dinam-photo

Video

ഉണ്ണികൃഷ്ണൻ അനുസ്മരണം

ദൂരെ, അനന്തതയുടെ അറ്റത്ത് ഓർമകൾ തിളക്കമേറ്റിയ വാൽനക്ഷത്രം പോലെ നീ ജ്വലിക്കുന്നുണ്ട്… കാലമെത്ര കഴിഞ്ഞാലും മറവിയുടെ ഇരുൾ പടരാതെ പ്രകാശഗോപുരം പോലെ നീ ഞങ്ങളെ നയിച്ചുകൊണ്ടായിരിക്കും …. ഉണ്ണിയേട്ടനെ ഒന്നാം ഓർമദിനത്തിൽ നാട് ഓർമിക്കുന്നു. ഞായറാഴ്ച വൈകീട്ട് നാലിന് ബമ്മണാച്ചെ രി ഉണ്ണികൃഷ്ണൻ സ്മാരക വായനശാലയിൽ … നമുക്ക് ഒരുമിച്ചിരിക്കാം ഓര്മകളുടെ വന്മരതണലിൽ….. എല്ലാവർക്കും സ്വാഗതം

2017-03-05-Unniyettan.jpg

വായനാ മത്സരം, അക്ഷരോത്സവം

മയ്യിൽ മേഖലാതല വനിതാ വായനാ മത്സരത്തിൽ ജേതാവായി സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാ വേദി സെക്രട്ടറി കെ ശ്രുതി മോളും എൽപി വിഭാഗം അക്ഷരോത്സവത്തിൽ മേഖലാ തലത്തിൽ ഒന്നും നാലും സ്ഥാനം നേടി സഫ്ദർ ബാലവേദി അംഗങ്ങളായ ആവണി മോളും സാന്ദ്ര സന്തോഷും (തായംപൊയിൽ എ എൽ പി സ്കൂൾ) ജില്ലാതല മത്സരത്തിലേക്ക്… അഭിനന്ദനങ്ങൾ..

2017-03-vayanothsavam

പുതിയ കെട്ടിടം – പ്രവർത്തനങ്ങൾ

2017-02-28-Building-inauguration (1)

28-February-2017: സഫ്ദർ ഹാശ്മി ഗ്രന്ഥാലയം കെട്ടിട നിർമാണം – കെട്ടിട ഉദ്ഘാടനം – ധനസമാഹരണത്തിന് തുടക്കമിട്ടപ്പോൾ…

പ്ലാസ്റ്ററിങ് കഴിഞ്ഞു…ഇനി ടൈൽ പാകൽ, ബുക്ക് ഷെൽഫ് ഡിസൈനിങ്, പെയിന്റിങ്…. ഉദ്‌ഘാടനത്തിന് കഷ്ടി രണ്ടുമാസം ബാക്കി …. കാശ് ഒരുപാട് വേണം !!!

March – 27: കുഴിച്ച്… കുഴിച്ച്… ദേ ഇത്രേം ആയി… പാറയാണ് ട്ടാ….

2017-02-28-Building-inauguration (0)

(16 April) ഞങ്ങൾ, സഫ്ദർ ഹാശ്മി ഗ്രന്ഥാലയം പ്രവർത്തകർ 29 വർഷം മുമ്പാണ് വി വി കുഞ്ഞമ്പു നായർ സംഭാവനയായി നൽകിയ ഒന്നര സെന്റിൽ നാട്ടുകാർ സമ്മാനിച്ച കല്ലും തെങ്ങിൻതടിയും ഓടും ചേർത്ത് വെച്ച് ഒരു ഒറ്റമുറി കെട്ടിടം പണിതത്.അതിൽ രാവ് പകലാക്കിയുള്ള കൂട്ടായ്മയിൽ നിന്നാണ് ഞങ്ങൾ വലിയ വലിയ സ്വപ്നങ്ങൾ കണ്ടത്. സ്വപ്നം കാണുന്ന തലമുറകളാണ് ലോകത്തെ മാറ്റി മറിക്കുകയെന്ന നേര് ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു ഇപ്പോഴും.മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ നാം ചേർന്നിരുന്ന് കണ്ട സ്വപ്നങ്ങളാണ് ഞങ്ങളുടെ വളർച്ചയുടെ ഊർജപ്രവാഹം… മറ്റൊരു സ്വപ്ന സാക്ഷാത്കാരത്തിന് അരികെയാണ് നാം. ഗ്രന്ഥാലയത്തിനായി നിർമിച്ച പുതിയ ലൈബ്രറി മന്ദിരം മെയ് ആദ്യവാരം ഈ നാടിന് സമർപ്പിക്കുകയാണ്… ഒന്നാം നില മുഴുവൻ ലൈബ്രറിക്കായി ഞങ്ങൾ മാറ്റിവെക്കുകയാണ്… റബ് വുഡിൽ തീർത്ത ഡിസൈൻഡ് ലൈബ്രറി കേരളത്തിലെ തന്നെ ഗ്രാമീണ ലൈബ്രറികളിൽ ആദ്യത്തേതാവുമെന് ഞങ്ങൾ കരുതുന്നു. പുസ്തകങ്ങൾ ദീർഘകാലം ഈടു നിൽക്കുന്നതിനായി ചൂടു ക്രമീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഫാൾസ് സീലിങ്ങ് ചെയ്ത് ഏറ്റവും മികച്ച വെളിച്ച വിന്യാസവും നടത്തിയതാണ് ലൈബ്രറി മന്ദിരം.വിദ്യാർത്ഥികൾക്കും മറ്റും റഫറൻസിന് സഹായമാകും വിധം പകർപ്പെടുക്കുന്നതിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ, ജനറേറ്റർ, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങളും പുതുതായി ഒന്നര ലക്ഷം രൂപയുടെ പുസ്തകങ്ങളും പുതിയ ലൈബറി മന്ദിരത്തിൽ ഉണ്ടാവും. ഡിജിറ്റൽ ലൈബ്രറി, ചിൽഡൺസ് ലൈബ്രറി, റഫറൻസ് വിഭാഗം എന്നിവയും പ്രത്യേകമായി പ്രവർത്തിക്കും.നവീകരിച്ച ഗ്രൗണ്ട് ഫ്ളോറിൽ ജയിംസ് മാത്യു എം എൽ എ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലാർജ് ഫോർമാറ്റ് ഡിസ്പ്ളേ സംവിധാനവും അതിവേഗ ഇന്റർനെറ്റും സജ്ജമാക്കും. ലൈബ്രറിയുടെ വെബ്സൈറ്റ് പ്രകാശനത്തിന് ഒരുങ്ങുകയാണ്. മുറ്റത്ത് വായനാ പന്തലും തയ്യാറാവുന്നു.13000 പുസ്തകങ്ങളുടെ -കമ്പ്യൂട്ടർ കാറ്റലോഗിങ്ങും എതാനും മാസങ്ങൾക്കകം പൂർത്തിയാകുന്നതോടെ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് എളുപ്പമാകും.രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ അനുവദിചത് 10 ലക്ഷം രൂപയാണ്. മൊത്തം ചെലവ് 25 ലക്ഷം രൂപയും. വരവും ചെലവും തമ്മിലുള്ള അന്തരം വലുതാണ്. ഉദ്ഘാടനത്തിന് നമ്മുടെ പ്രദേശത്തെ 250 കലാപ്രതിഭകളെ ഉൾപ്പെടുത്തി സംവിധാനം ചെയ്യുന്ന മെഗാഷോയ്ക്കും അനുബന്ധ പരിപാടികൾക്കും നാലുലക്ഷം രൂപയെങ്കിലും വേണം. ലൈബ്രറി എയർകണ്ടീഷൺ ചെയ്യണമെന്ന ആഗ്രഹം നിവർത്തിക്കാൻ ഏതെങ്കിലും സ്പോൺസർമാർ വരേണ്ടിയിരിക്കുന്നു. ഓഫീസ് പ്രവർത്തനത്തിനുള്ള കമ്പ്യൂട്ടർ, ലാപ്പ്ടോപ്പ്, ആ റോ ഏഴോ ഫാനുകൾ, മീറ്റിങ്ങ് ഹാളിലേക്ക് അമ്പതോളം കസേരകൾ, ലൈബ്രറി മുറിയിൽ വായനക്കുള്ള ഫർണിച്ചറുകൾ, മാഗസിൻ റാക്ക്, വാക്വം ക്ലീനർ, വാൾ ക്ലോക്കുകൾ, റോസ് ഡ്രം, ടീപ്പോയ്, മീറ്റിങ്ങ് ഹാളിൽ പ്രതിമാസ സിനിമ പ്രദർശനത്തിന് പറ്റും വിധമുള്ള ശബ്ദസംവിധാനം, ചുവരുകൾ ആകർഷകമാക്കാൻ മ്യൂറൽ പെയിന്റിങ്ങ്, വായനാശിൽപം അങ്ങിനെ ആഗ്രഹങ്ങൾ പലതും ബാക്കി നിൽക്കുന്നു. നീണ്ട 12 വർഷത്തിനിപ്പുറം ഞങ്ങൾ സാമ്പത്തീക സമാഹരണത്തിനായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത് ഈ സ്വപ്നങ്ങൾക്കരികിലേക്ക് ഓടിയെത്താനാണ്. ഈ നാടിനെ ചരിത്രത്തിന് മുൻപേ നടത്താനാണ്. പ്രിയ വായനക്കാരാ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്മരണക്കായി ഇതിൽ ഏതെങ്കിലുമൊന്നിൽ സഹായിക്കാൻ കഴിയുന്ന പക്ഷം ഞങ്ങളെ വിളിക്കുക.. 9400676183… AcNo: 67345189372.IFscode:sBTROOOIO 24. കുറഞ്ഞ പക്ഷം ഈ അഭ്യർത്ഥന ഷെയർ ചെയ്ത് പരമാവധി പേരിലേക്ക് എത്തിക്കുക.. അക്ഷരങ്ങളുടെ വെളിച്ചം വരും തലമുറകൾക്കും പ്രകാശം ചൊരിയട്ടെ!!

(17 April) ഇന്ന് രാത്രിയിലാണ് എന്റെ സുഹൃത്ത് സുമേഷിന്റെ ഫോണിലേക്ക് കൊച്ചിയിലെ മാധ്യമ പ്രവർത്തകനായ സുബിന്റെ വിളി എത്തിയത്…. മെയ് ഒന്നിന് ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ലൈബ്രറി മന്ദിരത്തിന്റെ ആവശ്യങ്ങളും ആവലാതികളും പറഞ്ഞ് ഞാൻ രണ്ടുനാൾ മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു. ശരിക്കും ദാരിദ്ര്യം പറച്ചിൽ തന്നെയായിരുന്നു അതിന്റെ ഉള്ളടക്കം.. അത് കോപി ചെയ്ത് പോസ്റ്റിയത് കണ്ടായിരുന്നു സുബിന്റെ വിളി. എനിക്ക് സഹായിക്കണമെന്നുണ്ട്….പുസ്തകമായി വേണോ, പണം വേണോ? സുബിന്റെ അന്വേഷണം…. പണത്തിനാണ് ഞെരുക്കം…പത്തുർപ്യ കിട്ടിയാൽ നൂറു കൂട്ടം കാര്യങ്ങളുണ്ട്. പുസ്തകത്തോട് വലിയ മമതയൊന്നും ഇല്ലാഞ്ഞിട്ടും സുമേഷ് പറഞ്ഞത് പുസ്തകം തരാനാണ്…. നൂറ് പുസ്തകങ്ങളാണ് സുബിന്റെ വാഗ്ദാനം.ഇതുപോലൊരു രാത്രിയിലാണ് എൻ.ഉണ്ണികൃഷ്ണൻ സ്മാരക പുരസ്‌കാരം മലയൻകുനി ദാമുവേട്ടന് നൽകുന്നുവെന്ന പ്രഖ്യാപനം കണ്ട് മുംബൈയിൽ നിന്ന് ദിനേശ് നമ്പ്യാർ പതിനായിരം രൂപ അക്കൗണ്ടിലേക്ക് അയക്കുന്നുവെന്ന് അറിയിച്ചത്. ഗൃഹലക്ഷ്മിയിലെ രജി ആർ നായർ ഗൃഹപ്രവേശനനാളിലാണ് 167 പുസ്തകങ്ങൾ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിനായി സമർപ്പിച്ചത്. മോഡി കറൻസി പിൻവലിച്ചതിന്റെ പകപ്പിൽ കോൺക്രീറ്റ് നിലച്ച ഘട്ടത്തിലാണ് ഇന്നു വരെ ഞങ്ങളിലൊരാൾ പോലും കണ്ടിട്ടില്ലാത്ത രജിത്തേട്ടൻ 140 ചാക്ക് സിമന്റ് തന്നത്.ഒരു ഫോൺ വിളിക്കപ്പുറത്ത് ഒരു പാട് അത്ഭുതങ്ങൾ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തെ കാത്തിരിക്കുന്നുണ്ട്. എയർകണ്ടീഷൻഡ് ലൈബ്രറി ഉൾപ്പടെയുള്ള സ്വപ്നങ്ങൾ അത്തരം അത്ഭുതങ്ങളിലൂടെ, നന്മയുള്ള മനുഷ്യരിലൂടെ സാധ്യമാവുക തന്നെ ചെയ്യും.രണ്ടക്ഷരങ്ങൾക്ക് സമാഹരിക്കാവുന്ന എല്ലാ അർത്ഥവ്യാപ്തിയും കടമെടുത്ത്, എനിക്കിനിയും അജ്ഞാതരായ സുഹൃത്തുക്കളായ സുബിനും ദിനേശേട്ടനും രജിത്തേട്ടനും ആത്മമിത്രം രജിയേച്ചിക്കും ,നന്ദി….

ഊർജ കിരൺ ക്യാമ്പയിൻ-കുറ്റ്യാട്ടൂർ

ഊർജ കിരൺ ക്യാമ്പയിൻ @ കുറ്റ്യാട്ടൂർ- സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായം പൊയിൽ, കിങ്ങ് സ്റ്റാർ ക്ലബ് കുറ്റ്യാട്ടൂർ, ഇ എം സി കേരള, സി ഇ ഡി തിരുവനന്തപുരം…

 

 

ഊർജ കിരൺ ക്യാമ്പയിൻ-കാട്ടിലെപീടിക

Feburary 19:

ഊർജഗ്രാമം വേറിട്ട ആശയമാണ്! ഊർജത്തെ കുറിച്ചും ശരിയായ ഊർജ ഉപഭോഗവും സ്വായത്തമാക്കിയ പ്രാദേശിക സമൂഹമാണ് ഈ സങ്കൽപത്തിന്റെ അന്തസത്ത.ഗ്രന്ഥാലയം ഞായർ (ഫെബ്രു: 19) കാട്ടിലെപീടികയിൽ സംഘധാര, ഐക്യധാര സ്വാശയ സംഘങ്ങളുമായി സഹകരിച്ച് തുടക്കമിടുന്നത് അത്തരമൊരു ആശയത്തിനാണ്. വരുന്നവർക്ക് എല്ലാവർക്കും രണ്ട് ഫിലിപ്സ് എൽ ഇ ഡി ബൾബ് 55 ശതമാനം സബ്സിഡിയിൽ ലഭിക്കും.460 രൂപക്ക് പകരം 210 രൂപ നൽകിയാൽ മതി! KSEB ബിൽ കൊണ്ടുവരാൻ മറക്കരുത്!

2017-02-19-UrjjaKiran-perumacheri

യോഗപ്രദർശനം

ആഗസ്റ്റ് 14നാണ് സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതകൾക്കായി യോഗ പരിശീലനം ആരംഭിച്ചത്. ആറു മാസം പിന്നിടുന്ന പഠനം ഫെബ്രുവരി 12 ന് പഠിതാക്കളുടെ യോഗപ്രദർശനത്തോടെ സമാപിക്കുന്നു!പനിക്ക് പാരാസെറ്റമോൾ ഗുളിക പോലെ യോഗ മരുന്നായി കണ്ട ചിലർ പാതിവഴിയിൽ പഠനം നിർത്തിയെങ്കിലും പെൺ വീറോടെ തുടർന്നവർ അനേകമുണ്ട്. സമാപന ചടങ്ങിലേക്ക്, പ്രദർശനത്തിലേക്ക് സ്വാഗതം!

പി.എസ്.സി (PSC) പരിശീലനം

പി.എസ്.സി പരിശീലനവുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും ചിത്രങ്ങളും ഇവിടെ ലഭ്യമാണ്…

28 April 2017

സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ലൈബ്രറി മന്ദിരം ഉദ്ഘാടനം – കടൂർ ഗ്രാമോത്സവം എന്ന-ിവയുടെ ഒരുക്കവും റിഹേഴ്സൽ ക്യാമ്പും നടക്കുന്നതിനാൽ ഏപ്രിൽ 30, മെയ് മെയ് 7 തീയതികളിൽ പിഎസ് സി പരിശീലനം ഉണ്ടാവില്ല… വിവരം കൈമാറിയാലും…

03 March 2017

പ്രിയ സുഹൃത്തുക്കളെ………. പി.എസ്.സി L D Clerck പരീക്ഷയ്ക്ക് apply ചെയ്യാൻ സാധിക്കാത്തവർക്കായി ഒരവസരം കൂടി നല്കിയിരിക്കുന്നു. മാർച്ച് 15 ആണ് അവസാന തിയതി….. thulasi.psc.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷ നല്കേണ്ടത്…. ഇനിയും അപേക്ഷ നല്കാത്തവർക്കായി ഈ സന്ദേശം എത്തിക്കുക…. *ഇവിജ്ഞാന സേവനകേന്ദ്രം* സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം….. തായംപൊയിൽ….

PSC-2017-03-03

27 February 2017

അധ്യാപനത്തിന് ഒരു രസതന്ത്രമുണ്ട്. പറയുന്നവനും കേട്ടിരിക്കുന്നവനും തമ്മിൽ ഒരേ തരംഗദൈർഘ്യത്തിൽ സഞ്ചരിക്കുമ്പോഴാണ് ആ രസതന്ത്രം പ്രവർത്തനക്ഷമമാകുക. നന്ദി.. ഞങ്ങളുടെ പ്രിയ സുഹൃത്ത് പ്രസൂണിന്. സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ഈ ആഴ്ചത്തെ എൽഡി ക്ലർക്ക് പരിശീലനത്തിൽ നിന്ന് ….