
28-February-2017: സഫ്ദർ ഹാശ്മി ഗ്രന്ഥാലയം കെട്ടിട നിർമാണം – കെട്ടിട ഉദ്ഘാടനം – ധനസമാഹരണത്തിന് തുടക്കമിട്ടപ്പോൾ…

പ്ലാസ്റ്ററിങ് കഴിഞ്ഞു…ഇനി ടൈൽ പാകൽ, ബുക്ക് ഷെൽഫ് ഡിസൈനിങ്, പെയിന്റിങ്…. ഉദ്ഘാടനത്തിന് കഷ്ടി രണ്ടുമാസം ബാക്കി …. കാശ് ഒരുപാട് വേണം !!!
March – 27: കുഴിച്ച്… കുഴിച്ച്… ദേ ഇത്രേം ആയി… പാറയാണ് ട്ടാ….
(ഞങ്ങൾ, സഫ്ദർ ഹാശ്മി ഗ്രന്ഥാലയം പ്രവർത്തകർ 29 വർഷം മുമ്പാണ് വി വി കുഞ്ഞമ്പു നായർ സംഭാവനയായി നൽകിയ ഒന്നര സെന്റിൽ നാട്ടുകാർ സമ്മാനിച്ച കല്ലും തെങ്ങിൻതടിയും ഓടും ചേർത്ത് വെച്ച് ഒരു ഒറ്റമുറി കെട്ടിടം പണിതത്.അതിൽ രാവ് പകലാക്കിയുള്ള കൂട്ടായ്മയിൽ നിന്നാണ് ഞങ്ങൾ വലിയ വലിയ സ്വപ്നങ്ങൾ കണ്ടത്. സ്വപ്നം കാണുന്ന തലമുറകളാണ് ലോകത്തെ മാറ്റി മറിക്കുകയെന്ന നേര് ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു ഇപ്പോഴും.മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ നാം ചേർന്നിരുന്ന് കണ്ട സ്വപ്നങ്ങളാണ് ഞങ്ങളുടെ വളർച്ചയുടെ ഊർജപ്രവാഹം… മറ്റൊരു സ്വപ്ന സാക്ഷാത്കാരത്തിന് അരികെയാണ് നാം. ഗ്രന്ഥാലയത്തിനായി നിർമിച്ച പുതിയ ലൈബ്രറി മന്ദിരം മെയ് ആദ്യവാരം ഈ നാടിന് സമർപ്പിക്കുകയാണ്… ഒന്നാം നില മുഴുവൻ ലൈബ്രറിക്കായി ഞങ്ങൾ മാറ്റിവെക്കുകയാണ്… റബ് വുഡിൽ തീർത്ത ഡിസൈൻഡ് ലൈബ്രറി കേരളത്തിലെ തന്നെ ഗ്രാമീണ ലൈബ്രറികളിൽ ആദ്യത്തേതാവുമെന് ഞങ്ങൾ കരുതുന്നു. പുസ്തകങ്ങൾ ദീർഘകാലം ഈടു നിൽക്കുന്നതിനായി ചൂടു ക്രമീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഫാൾസ് സീലിങ്ങ് ചെയ്ത് ഏറ്റവും മികച്ച വെളിച്ച വിന്യാസവും നടത്തിയതാണ് ലൈബ്രറി മന്ദിരം.വിദ്യാർത്ഥികൾക്കും മറ്റും റഫറൻസിന് സഹായമാകും വിധം പകർപ്പെടുക്കുന്നതിന് ഫോട്ടോസ്റ്റാറ്റ് മെഷീൻ, ജനറേറ്റർ, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങളും പുതുതായി ഒന്നര ലക്ഷം രൂപയുടെ പുസ്തകങ്ങളും പുതിയ ലൈബറി മന്ദിരത്തിൽ ഉണ്ടാവും. ഡിജിറ്റൽ ലൈബ്രറി, ചിൽഡൺസ് ലൈബ്രറി, റഫറൻസ് വിഭാഗം എന്നിവയും പ്രത്യേകമായി പ്രവർത്തിക്കും.നവീകരിച്ച ഗ്രൗണ്ട് ഫ്ളോറിൽ ജയിംസ് മാത്യു എം എൽ എ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലാർജ് ഫോർമാറ്റ് ഡിസ്പ്ളേ സംവിധാനവും അതിവേഗ ഇന്റർനെറ്റും സജ്ജമാക്കും. ലൈബ്രറിയുടെ വെബ്സൈറ്റ് പ്രകാശനത്തിന് ഒരുങ്ങുകയാണ്. മുറ്റത്ത് വായനാ പന്തലും തയ്യാറാവുന്നു.13000 പുസ്തകങ്ങളുടെ -കമ്പ്യൂട്ടർ കാറ്റലോഗിങ്ങും എതാനും മാസങ്ങൾക്കകം പൂർത്തിയാകുന്നതോടെ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് എളുപ്പമാകും.രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ അനുവദിചത് 10 ലക്ഷം രൂപയാണ്. മൊത്തം ചെലവ് 25 ലക്ഷം രൂപയും. വരവും ചെലവും തമ്മിലുള്ള അന്തരം വലുതാണ്. ഉദ്ഘാടനത്തിന് നമ്മുടെ പ്രദേശത്തെ 250 കലാപ്രതിഭകളെ ഉൾപ്പെടുത്തി സംവിധാനം ചെയ്യുന്ന മെഗാഷോയ്ക്കും അനുബന്ധ പരിപാടികൾക്കും നാലുലക്ഷം രൂപയെങ്കിലും വേണം. ലൈബ്രറി എയർകണ്ടീഷൺ ചെയ്യണമെന്ന ആഗ്രഹം നിവർത്തിക്കാൻ ഏതെങ്കിലും സ്പോൺസർമാർ വരേണ്ടിയിരിക്കുന്നു. ഓഫീസ് പ്രവർത്തനത്തിനുള്ള കമ്പ്യൂട്ടർ, ലാപ്പ്ടോപ്പ്, ആ റോ ഏഴോ ഫാനുകൾ, മീറ്റിങ്ങ് ഹാളിലേക്ക് അമ്പതോളം കസേരകൾ, ലൈബ്രറി മുറിയിൽ വായനക്കുള്ള ഫർണിച്ചറുകൾ, മാഗസിൻ റാക്ക്, വാക്വം ക്ലീനർ, വാൾ ക്ലോക്കുകൾ, റോസ് ഡ്രം, ടീപ്പോയ്, മീറ്റിങ്ങ് ഹാളിൽ പ്രതിമാസ സിനിമ പ്രദർശനത്തിന് പറ്റും വിധമുള്ള ശബ്ദസംവിധാനം, ചുവരുകൾ ആകർഷകമാക്കാൻ മ്യൂറൽ പെയിന്റിങ്ങ്, വായനാശിൽപം അങ്ങിനെ ആഗ്രഹങ്ങൾ പലതും ബാക്കി നിൽക്കുന്നു. നീണ്ട 12 വർഷത്തിനിപ്പുറം ഞങ്ങൾ സാമ്പത്തീക സമാഹരണത്തിനായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത് ഈ സ്വപ്നങ്ങൾക്കരികിലേക്ക് ഓടിയെത്താനാണ്. ഈ നാടിനെ ചരിത്രത്തിന് മുൻപേ നടത്താനാണ്. പ്രിയ വായനക്കാരാ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്മരണക്കായി ഇതിൽ ഏതെങ്കിലുമൊന്നിൽ സഹായിക്കാൻ കഴിയുന്ന പക്ഷം ഞങ്ങളെ വിളിക്കുക.. 9400676183… AcNo: 67345189372.IFscode:sBTROOOIO 24. കുറഞ്ഞ പക്ഷം ഈ അഭ്യർത്ഥന ഷെയർ ചെയ്ത് പരമാവധി പേരിലേക്ക് എത്തിക്കുക.. അക്ഷരങ്ങളുടെ വെളിച്ചം വരും തലമുറകൾക്കും പ്രകാശം ചൊരിയട്ടെ!!
ഇന്ന് രാത്രിയിലാണ് എന്റെ സുഹൃത്ത് സുമേഷിന്റെ ഫോണിലേക്ക് കൊച്ചിയിലെ മാധ്യമ പ്രവർത്തകനായ സുബിന്റെ വിളി എത്തിയത്…. മെയ് ഒന്നിന് ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ലൈബ്രറി മന്ദിരത്തിന്റെ ആവശ്യങ്ങളും ആവലാതികളും പറഞ്ഞ് ഞാൻ രണ്ടുനാൾ മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു. ശരിക്കും ദാരിദ്ര്യം പറച്ചിൽ തന്നെയായിരുന്നു അതിന്റെ ഉള്ളടക്കം.. അത് കോപി ചെയ്ത് പോസ്റ്റിയത് കണ്ടായിരുന്നു സുബിന്റെ വിളി. എനിക്ക് സഹായിക്കണമെന്നുണ്ട്….പുസ്തകമായി വേണോ, പണം വേണോ? സുബിന്റെ അന്വേഷണം…. പണത്തിനാണ് ഞെരുക്കം…പത്തുർപ്യ കിട്ടിയാൽ നൂറു കൂട്ടം കാര്യങ്ങളുണ്ട്. പുസ്തകത്തോട് വലിയ മമതയൊന്നും ഇല്ലാഞ്ഞിട്ടും സുമേഷ് പറഞ്ഞത് പുസ്തകം തരാനാണ്…. നൂറ് പുസ്തകങ്ങളാണ് സുബിന്റെ വാഗ്ദാനം.ഇതുപോലൊരു രാത്രിയിലാണ് എൻ.ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം മലയൻകുനി ദാമുവേട്ടന് നൽകുന്നുവെന്ന പ്രഖ്യാപനം കണ്ട് മുംബൈയിൽ നിന്ന് ദിനേശ് നമ്പ്യാർ പതിനായിരം രൂപ അക്കൗണ്ടിലേക്ക് അയക്കുന്നുവെന്ന് അറിയിച്ചത്. ഗൃഹലക്ഷ്മിയിലെ രജി ആർ നായർ ഗൃഹപ്രവേശനനാളിലാണ് 167 പുസ്തകങ്ങൾ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിനായി സമർപ്പിച്ചത്. മോഡി കറൻസി പിൻവലിച്ചതിന്റെ പകപ്പിൽ കോൺക്രീറ്റ് നിലച്ച ഘട്ടത്തിലാണ് ഇന്നു വരെ ഞങ്ങളിലൊരാൾ പോലും കണ്ടിട്ടില്ലാത്ത രജിത്തേട്ടൻ 140 ചാക്ക് സിമന്റ് തന്നത്.ഒരു ഫോൺ വിളിക്കപ്പുറത്ത് ഒരു പാട് അത്ഭുതങ്ങൾ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തെ കാത്തിരിക്കുന്നുണ്ട്. എയർകണ്ടീഷൻഡ് ലൈബ്രറി ഉൾപ്പടെയുള്ള സ്വപ്നങ്ങൾ അത്തരം അത്ഭുതങ്ങളിലൂടെ, നന്മയുള്ള മനുഷ്യരിലൂടെ സാധ്യമാവുക തന്നെ ചെയ്യും.രണ്ടക്ഷരങ്ങൾക്ക് സമാഹരിക്കാവുന്ന എല്ലാ അർത്ഥവ്യാപ്തിയും കടമെടുത്ത്, എനിക്കിനിയും അജ്ഞാതരായ സുഹൃത്തുക്കളായ സുബിനും ദിനേശേട്ടനും രജിത്തേട്ടനും ആത്മമിത്രം രജിയേച്ചിക്കും ,നന്ദി….