ഇതാണ് ഞങ്ങളുടെ അഭിമാന നിമിഷം !

കർണാടകയിലെ ഹുൻസൂർ സ്വദേശിയായ മാതേവൻ കാട്ടാമ്പള്ളി പുഴയിൽ മീൻ പിടിച്ചാണ് ഉപജീവനം. നാടോടി ജീവിതത്തിനിടെ നാറാത്ത് ചെറുവാക്കര സ്കൂളിൽ ചേർന്ന മാതേവൻ ക്ലാസിൽ ഒന്നാമനായിരുന്നു. മാതൃഭാഷ കന്നടയായിട്ടും മലയാള’മാധ്യമത്തിലൂടെയുള്ള പഠനത്തിൽ മാതേവന്റയും അനുജത്തി സംഗീതയുടെയും മികവ് അതിശയിപ്പിക്കുന്നതായിരുന്നു. മാതേവന് പൊലീസാകണം, സംഗീതക്ക് നഴ്സും എന്ന തലക്കെട്ടിൽ പത്തു പതിനേഴ് വർഷം മുൻപ് -ഒരു അധ്യയന വർഷാരംഭ ദിനത്തിൽ ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജിൽ കേരളത്തിലുടനീളംഇരുവരുടെയും ജീവിത കഥ പ്രസിദ്ധീകരിച്ചത് ഓർക്കുന്നു. പിന്നീട് നാടോടി ജീവിതത്തിന്റെ അനിശ്ചിത്വങ്ങൾക്കിടയിൽ എപ്പോഴോ മാതേവന്റെ പഠനം മുറിഞ്ഞു.ആ മോഹഭംഗത്തിന്റെ മുറിവുകൾ മാതേവൻ മായ്ച്ചു കളഞ്ഞത് കഴിഞ്ഞ വർഷം പത്താംതരം തുല്യതാ പരീക്ഷയിൽ ഉയർന്ന വിജയം നേടിയാണ്. മാതേവന്റെയും ഗംഗയുടെയും മകൻ യുവരാജിനെയും രഘുവിന്റെയും ഗീതയുടെയും മകൻ വിനോദിനെയും അക്ഷരങ്ങൾക്കിടയിലേക്ക് കൈപിടിച്ച് നടത്തി സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഒരു തലമുറയെ വീണ്ടും വിജ്ഞാന ലോകത്തേക്ക് കണ്ണി ചേർക്കുന്നു. ഇതാണ് ഞങ്ങളുടെ അഭിമാന നിമിഷം !