ചരിത്രം

1988-ലാണ് ഗ്രന്ഥാലയത്തിന്റെ ആദ്യരൂപമായ ഭാവന കലാസമിതി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രേദശവാസിയായ കുഞ്ഞമ്പുനായർ സംഭാവന നല്‍കിയ സ്ഥലത്താണ് ഉല്‍പതിഷ്ണുക്കളായ ഏതാനും ചെറുപ്പക്കാർ ചേര്‍ന്ന് കലാസമിതി സ്ഥാപിച്ചത്. കെട്ടിടം പണിയുന്നതിന് കഷ്ടിച്ച് ഒരുവര്‍ഷം മുമ്പുതന്നെ അനൗപചാരികമായി സമിതി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1988 ആഗസ്ത് 23ന് കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിയാണ് കൊളവയലിൽ ഒറ്റമുറിയിൽ നിര്‍മ്മിച്ച കലാസമിതി കെട്ടിടം ഉദ്ഘാടനം ചെയ്തത്. നാട്ടുകാരിൽ നിന്നും സമാഹരിച്ച കല്ലും മരവും നാമമാത്രമായ സംഭാവനയും ഉപയോഗിച്ചാണ് കെട്ടിടം പണിതത്. മുഴുവൻ നിര്‍മ്മാണ ജോലികളും സന്നദ്ധപ്രവര്‍ത്തനമായിരുന്നു.

ഡല്‍ഹിയിൽ തെരുവ് നാടകം കളിക്കുന്നതിനിടെ കൊലചെയ്യപ്പെട്ട ജനപക്ഷ കലാകാരൻ സഫ്ദർ ഹാശ്മിയുടെ സ്മരണക്കായി 7 വര്‍ഷത്തിന് ശേഷമാണ് ഗ്രന്ഥാലയം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇപ്പോൾ 10,726 പുസ്തകങ്ങളുള്ള ലൈബ്രറി ഇവിടെ ഉണ്ട്. 6,41,702 രൂപ മുഖവില വരുന്നതാണ് ഈ പുസ്തകശേഖരം. 290 പുരുഷന്മാരും 240 സ്ത്രീകളും 232 കുട്ടികളും  ഉള്‍പ്പടെ 762 അംഗങ്ങളുണ്ട്. കുട്ടികള്‍ക്ക് ലൈബ്രറിയിൽ സൗജന്യ അംഗത്വം നല്‍കുന്നു. 150 കുടുംബങ്ങളിൽ ഇതിന് പുറമേ വനിതാ പുസ്തകവിതരണ പദ്ധതിയിലൂടെ പുസ്തകങ്ങൾ എത്തിക്കുന്നു. 2009-ൽ ലൈബ്രറി കൗണ്‍സിൽ എ ഗ്രേഡ് ഗ്രന്ഥാലയമായി അപ്‌ഗ്രേഡ് ചെയ്തു. ഇത്രയും ചുരുങ്ങിയ കാലയളവിൽ ലൈബ്രറി കൗണ്‍സിലിന്റെ ഏറ്റവും ഉയര്‍ന്ന പദവിയായ ‘എ’- ഗ്രേഡിൽ എത്തിയ ജില്ലയിലെ ഏക ഗ്രന്ഥാലയമാണിത്. ഗ്രന്ഥാലയത്തിന് സമീപത്തെ തായംപൊയിൽ എഎല്‍പി സ്‌കൂളിലെ മുഴുവൻ വിദ്യാര്‍ഥികള്‍ക്കും ഗ്രന്ഥശാലയിൽ സൗജന്യമായി അംഗത്വം നല്‍കിവരുന്നു. ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കും അംഗത്വം സൗജന്യമാണ്.

മയ്യിൽ-കാഞ്ഞിരോട് റോഡിന് സമീപം സ്വന്തമായി വിലക്കുവാങ്ങിയ നാലുസെന്റിൽ അഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലാണ് 2005 മുതൽ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം. ലൈബ്രറി കൗണ്‍സിലിന്റേയും കൊല്‍ക്കൊത്ത രാജാറാം മോഹന്റോയ് ഫൗണ്ടേഷന്റേയും നാട്ടുകാരുടേയും സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച കെട്ടിടം 2005 മെയ് 28നാണ് ഉദ്ഘാടനം ചെയ്തത്.

22 വര്‍ഷമായി സാംസ്‌കാരിക ജാഗ്രതയുടെ മുഖമാണ് ഈ സ്ഥാപനം. കേവലമായ വായനയിലുപരി സാമൂഹ്യ-സാംസ്‌കാരികമേഖലയിലെ എല്ലാചലനങ്ങളുടേയും പിന്നിൽ ഗ്രന്ഥാലയമുണ്ട്. മദ്യവിപത്തിൽ നിന്ന് പൊതുവിൽ വേറിട്ട് നില്‍ക്കുന്ന പ്രദേശമാണിത്. കല്ല്യാണവീടുകളും മരണവീടുകളും വര്‍ഷങ്ങളായി പൂര്‍ണമായും മദ്യവിമുക്തമാണ്. വിവാഹവീടുകളിലെ ആഭാസങ്ങൾ സജീവ ചര്‍ച്ചയാകുമ്പോൾ, പത്തിരുപത് വര്‍ഷം മുമ്പ്  ഈ ആശയം നടപ്പാക്കിയ ഗ്രന്ഥാലയത്തിന്റെ മാതൃക സവിശേഷമെന്ന് വിലയിരുത്തപ്പെടുന്നു. മുഴുവൻ എക്‌സിക്യുട്ടീവ് അംഗങ്ങളും നേത്രദാന- അവയവദാന സമ്മതപത്രം കൈമാറിയെന്ന സവിശേഷതയുമുണ്ട്.

ഗ്രന്ഥാലയം അനൗപചാരികമായി നടപ്പാക്കിയ ആശയമാണ് ഈ മുന്നേറ്റത്തിന് തുടക്കമിട്ടത്. കല്യാണ വീടുകളിലും മരണവീടുകളിലും ഗ്രന്ഥാലയം പ്രവര്‍ത്തകർ ആദ്യാവസാനക്കാരായി ശ്രമദാനവും ആശയപ്രചാരണവും നടത്തിയുമാണ് ആദ്യകാലത്ത് ഈ ആശയം നടപ്പാക്കിയത്. ഇതുകൊണ്ടൊക്കെ തന്നെയാവണം ഗ്രന്ഥാലയം തീരുമാനിക്കുന്ന പരിപാടികളിലെല്ലാം മനസുകൊണ്ടും ശരീരംകൊണ്ടും നാടൊന്നടങ്കം കൂടെനില്‍ക്കാറുണ്ട്. നാടിന്റെ സാമൂഹ്യജീവിതത്തിൽ ഈ തീരുമാനം ചെലുത്തിയ മാറ്റം എത്രയെന്ന് ഇവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാവും.

സജീവമായി പ്രവര്‍ത്തിക്കുന്ന 17 ഉപവിഭാഗങ്ങളിലൂടെയാണ് ഗ്രന്ഥാലയം വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഭാവനകലാസമിതി, സഫ്ദർ ഹാശ്മി കരിയർ ഗൈഡന്‍സ് സെന്റർ, സഫ്ദർ ഹാശ്മി ഫോക്‌ലോർ പഠനകേന്ദ്രം, സഫ്ദർ ഹാശ്മി സ്‌പോര്‍ട്‌സ് ക്ലബ്, സഫ്ദർ ഹാശ്മി ഡിജിറ്റൽ മീഡിയ ലൈബ്രറി, സഫ്ദർ ഹാശ്മി നാച്വർ ക്ലബ്, സഫ്ദർ ഹാശ്മി വനിതാവേദി, സഫ്ദർ ഹാശ്മി ബാലവേദി, സഫ്ദർ ഹാശ്മി ഫിലിം സൊസൈറ്റി, അയല്‍പക്ക പഠനകേന്ദ്രം, കാര്‍ഷിക ക്ലബ്, ഭാവന ഡാന്‍സ് സ്‌കൂൾ, രക്തദാനസേന, വികസന സമിതി, വയോജനവേദി, യുവജനവേദി, ടൂറിസം ക്ലബ് എന്നിവയാണ് ഇവ. ഉപവിഭാഗങ്ങളെയും അവയുടെ നേതൃത്വത്തിൽ ഏറ്റെടുക്കാറുള്ള പ്രവര്‍ത്തനങ്ങളെയും കുറിച്ച് ചുവടെ ചുരുക്കി പ്രതിപാദിക്കുന്നു.

അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരായ ആശയ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായും ഗ്രന്ഥാലയം പ്രവര്‍ത്തിക്കുന്നു. വാര്‍ഡ് വികസന സമിതി, സ്‌കൂൾ സംരക്ഷണ സമിതി എന്നിവയിൽ ഗ്രന്ഥാലയം സജീവമായി ഇടപെടുന്നു.

ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി 2009ൽ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗണ്‍സിൽ ഏര്‍പ്പെടുത്തിയ മികച്ച ഗ്രന്ഥാലയത്തിനുള്ള കടിഞ്ഞിയിൽ നാരായണൻ നായർ പുരസ്‌കാരം നേടി. അയ്യായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവുമായിരുന്നു അവാര്‍ഡ്. 2011-ൽ ജില്ലയിലെ മികച്ച ഗ്രന്ഥാലയത്തിന് ജില്ലാ ലൈബ്രറി കൗണ്‍സിൽ ഏര്‍പ്പെടുത്തിയ കെ സി മാധവൻ മാസ്റ്റർ എന്‍ഡോവ്‌മെന്റിന് ഗ്രന്ഥാലയം തെരഞ്ഞെടുക്കപ്പെട്ടു. 2009-ൽ നെഹ്‌റു യുവക് കേന്ദ്രയുടെ ‘ഫസ്റ്റ് കാറ്റഗറി’– ക്ലബായും 2011-ൽ മെന്റർ യൂത്ത് ക്ലബായും ഗ്രന്ഥാലയം തെരഞ്ഞെടുക്കപ്പെട്ടു. ഇതേവര്‍ഷം തന്നെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും നെഹ്‌റുയുവ കേന്ദ്രയുടെയും ബെസ്റ്റ് യൂത്ത് ക്ലബ് അവാര്‍ഡുകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇവ രണ്ടിന്റെയും സംസ്ഥാന അവാര്‍ഡുകള്‍ക്കായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശങ്ങളിൽ അവസാനഘട്ടം വരെ ക്ലബ് പരിഗണിക്കപ്പെട്ടിരുന്നു.

2012-ൽ സംസ്ഥാനത്തെ മികച്ച ഗ്രാമീണ ഗ്രന്ഥായത്തിന് ഡിസി ബുക്‌സ് സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ മുഖാന്തിരം ഏര്‍പ്പെടുത്തിയ ഡിസി കിഴക്കേമുറി പുരസ്‌കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടു. 44,444രൂപയുടെ പുസ്തകങ്ങളും ഫലകവും പ്രശ്‌സ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. 2012-13 സാമ്പത്തികവര്‍ഷം മികച്ച ഡോക്യുമെന്റേഷനുള്ള ജില്ലാ ലൈബ്രറി കൗണ്‍സലിന്റെ അവാര്‍ഡിനും ലൈബ്രറി തെരഞ്ഞെടുക്കപ്പെട്ടു. 2011 മുതൽ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ അയല്‍പക്ക പഠനകേന്ദ്രമായും 2012 മുതൽ നെഹ്‌റുയുവകേന്ദ്രയുടെ ഇരിക്കൂർ ബ്ലോക്കിലെ മെന്റർ ക്ലബായും ലൈബ്രറി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രന്ഥശാല സംഘം പ്രവര്‍ത്തന ഗ്രാന്റ് പ്രഖ്യാപിച്ച 2008 മുതൽ എല്ലാവര്‍ഷവും മുഴുവൻ സംഖ്യയ്ക്കും ഗ്രന്ഥാലയം അര്‍ഹമാകാറുണ്ട്. പ്രതിമാസ പരിപാടികൾ ഉള്‍പ്പടെ വര്‍ഷം ശരാശരി 30-35 പൊതുപരിപാടികൾ സംഘടിപ്പിക്കുന്നു.

സംസ്ഥാനത്ത് ആദ്യമായി ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത് ഞങ്ങളുടെ ഗ്രന്ഥാലയമാണ്. ഗ്രാമീണ ജനതയ്ക്ക് പുസ്തക വായനക്കപ്പുറം ആധുനിക സാങ്കേതിക വിദ്യയുടേയും വിവരസാങ്കേതിക വിദ്യയുടേയും ഗുണഫലങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ച് സജ്ജമാക്കിയ ഡിജിറ്റൽ ലൈബ്രറി സംഗീത നാടക അക്കാദമി ചെയര്‍മാനും ചലച്ചിത്രതാരവുമായ മുകേഷ് ആണ് ഉദ്ഘാടനം ചെയ്തത്.

ലോകക്ലാസിക് സിനിമകൾ, ഇന്ത്യൻ ക്ലാസിക്കുകൾ, മലയാളത്തിലെ കലാമൂല്യമുള്ള ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ടെലിഫിലിമുകൾ, സോഫ്റ്റ്‌വെയറുകൾ, റഫറന്‍സ് മീഡിയകൾ, റഫറന്‍സ് സിഡികൾ, ഇ-ബുക്കുകൾ, കലാരൂപങ്ങൾ തുടങ്ങിയ ആയിരത്തോളം ഡിജിറ്റൽ മീഡിയകളാണ് ഡിജിറ്റൽ ലൈബ്രറിയിലുള്ളത്. കേരള സംസ്ഥാന എഡുക്കേഷൻ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എല്‍പി വിഭാഗം മുതൽ ഹൈസ്‌കൂൾ തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പുറത്തിറക്കിയ പഠനസിഡികൾ റഫറന്‍സിനായി തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങൾ വിതരണം ചെയ്യുന്ന മാതൃകയിലാണ് ഇവയുടേയും വിതരണം. ഇന്റര്‍നെറ്റ്, എല്‍സിഡി പ്രൊജക്ടർ, പബ്ലിക് അഡ്രസ് സിസ്റ്റം തുടങ്ങിയവയും ഡിജിറ്റൽ ലൈബ്രറിയിൽ സജ്ജമാക്കിയിരിക്കുന്നു.

യുവജനക്ഷേമബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര, സ്‌റ്റേറ്റ്  ലൈബ്രറി കൗണ്‍സിൽ, കേരള സംഗീത നാടക അക്കാദമി, കേരള നാടന്‍കലാ അക്കാദമി എന്നിവയിൽ ഗ്രന്ഥാലയത്തിന് അഫിലിയേഷനുണ്ട്. ഈ സ്ഥാപനങ്ങളുമായി സഹകരിച്ചും അല്ലാതെയും വിവിധ കര്‍മമേഖലകളിൽ സജീവമായി ഇടപെടുന്നു.

സഫ്ദർ ഹാശ്മി ഗ്രന്ഥാലയം മറ്റിടങ്ങളിൽ അറിയപ്പെടുന്നത് ഒട്ടേറെ ചെറുപ്പക്കാരെ സര്‍ക്കാർ സര്‍വീസിൽ എത്തിച്ച സ്ഥാപനം എന്ന നിലയിലാണ്. 22 വര്‍ഷമായി നടപ്പാക്കുന്ന പിഎസ്‌സി പരീക്ഷാ പരിശീലനത്തിലുടെ ഇതിനകം അറുപതിലധികം പേരാണ് സര്‍ക്കാർ- ഇതര മേഖലയിൽ ജോലി നേടിയത്. സാധാരണ വിദ്യാഭ്യാസം ലഭിച്ച ദരിദ്ര ജനവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇതിൽ മിക്കവരും എന്നത് ഈ പ്രവര്‍ത്തനത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. ഗ്രന്ഥാലയം നടപ്പാക്കിയ കെഎസ്ഇബി മസ്ദുർ പരീക്ഷാപരിശീലനത്തിൽ പങ്കെടുത്ത ആകെയുള്ള 16 പേരും റാങ്ക്‌ലിസ്റ്റിൽ ഇടം നേടി. സാമ്പത്തികതാല്‍പര്യങ്ങളില്ലാതെ പരീക്ഷാപരിശീലനം നടപ്പാക്കുന്ന ഞങ്ങളുടെ സ്ഥാപനത്തെ ഏറെ പ്രചോദിപ്പിച്ച അനുഭവമായിരുന്നു ഇത്.

സഫ്ദർ ഹാശ്മി കരിയർ ഗൈഡന്‍സ് സെന്ററാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സമീപവര്‍ഷങ്ങളിൽ പുറത്തിറങ്ങിയ വിവിധ പിഎസ്‌സി ലിസ്റ്റുകളിൽ ഇവിടെ നിന്ന് പരിശീലനം നേടിയ 32 പേർ  ഇടംപിടിച്ചിട്ടുണ്ട്. ഗ്രന്ഥാലയം നടപ്പാക്കിയ പരീക്ഷാ പരിശീലനത്തിലൂടെ ജോലി ലഭിച്ചവരാണ് ഭാരവാഹികൾ ഉള്‍പ്പടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലുള്ള മഹാഭൂരിഭാഗം അംഗങ്ങളെന്നതും ഞങ്ങളുടെ സവിശേഷതയാണ്. ജീവിതം കരുപ്പിടിച്ച സ്ഥാപനത്തോടുള്ള നന്ദി ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനിന്ന് ഇവരൊക്കെയും പ്രകടിപ്പിക്കുന്നു. ഗ്രന്ഥാലയത്തിന്റെ ഈ മേഖലയിലുള്ള പ്രവര്‍ത്തനങ്ങൾ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.

20ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥാലയം പിഎസ്‌സി പരിശീലനത്തിലൂടെ ജോലി നേടിയവരുടെ സംഗമം നടത്തിയിരുന്നു. ഈ സംഗമത്തിലാണ് ‘ഒരുവീട്ടിൽ ഒരാള്‍ക്ക് സര്‍ക്കാർ ജോലി’യെന്ന ദീര്‍ഘകാല പദ്ധതി ഗ്രന്ഥാലയം പ്രഖ്യാപിച്ചത്. പത്തുവര്‍ഷംകൊണ്ട് ഗ്രന്ഥശാല പരിധിയിലെ മുഴുവൻ വീടുകളിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാർ ജോലി നേടിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആശാവഹമായ ചുവടുവെപ്പുകളിലാണ് ഞങ്ങളുടെ സ്ഥാപനം.

തീര്‍ത്തും അനൗപചാരികമായിരുന്നു ആദ്യകാലത്തെ പരിശീലനം.സന്ധ്യാസമയങ്ങളിൽ ഗ്രന്ഥാലയത്തിൽ ഒത്തുചേരുന്നവർ പാതിരാവോളം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠനത്തിൽ ഏര്‍പ്പെടുകയായിരുന്നു. കഴിഞ്ഞ 4 വര്‍ഷങ്ങളിൽ 5 പരീക്ഷകളെ കേന്ദ്രീകരിച്ചാണ് പരിശീലനം നടപ്പാക്കിയത്. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷാ പരിശീലനത്തിൽ 71 പേർ പങ്കാളിയായി. ഇതിൽ 12 പേർ റാങ്ക് ലിസ്റ്റിൽ ഇടംനേടി. ഇലക്ട്രിസിറ്റി മസ്ദൂർ പരീക്ഷാ പരിശീലനത്തിൽ 16 പേരും എല്‍ഡി ക്ലര്‍ക്ക് പരീക്ഷാ പരിശീലനത്തിൽ 42 പേരും പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷാ പരിശീലനത്തിൽ 26 പേരും പങ്കെടുത്തു. എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിൽ 8 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി കണ്ടക്ടർ റാങ്ക് ലിസ്റ്റിൽ രണ്ടുപേർ ഉള്‍പ്പെട്ടിട്ടുണ്ട്.

പ്രധാന തസ്തികകളിലേക്ക് വിജ്ഞാപനം വന്നാലുടൻ ഗ്രന്ഥാലയത്തിൽ പരിശീലനം ആരംഭിക്കാറുണ്ട്. എല്ലാ ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ മുതൽ വൈകീട്ട് വരെയാണ് പരിശീലനം. എല്ലാദിവസങ്ങളിലും നൈറ്റ് ക്ലാസുകളുമുണ്ട്. വനിതാ ഉദ്യോഗാര്‍ഥികൾ ദിവസവും ഗ്രന്ഥശാലയിലെത്തി പകൽ സമയങ്ങളിൽ പരിശീലനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് ഗ്രന്ഥാലയത്തിലെ പ്രധാനപ്രവര്‍ത്തകരെല്ലാം ഊഴമിട്ട് സമയം കണ്ടെത്തുന്നു.

എല്ലാ ക്ലാസുകളിലും പിഎസ്‌സി പരീക്ഷയുടെ തനതുമാതൃകയിലുള്ള ചോദ്യപേപ്പറും ഒഎംആർ ഷീറ്റും ഉപയോഗിച്ച് മാതൃകാപരീക്ഷകൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ മാതൃകപരീക്ഷയുടെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് മത്സരസ്വഭാവത്തോടെ പരീക്ഷയെഴുതാനുള്ള പ്രോത്സാഹനമാകുന്നു. ലാസ്റ്റ് ഗ്രേഡ് പരീക്ഷാ പരിശീലനത്തിൽ  41 മുഴുവൻ സമയക്ലാസുകളിലായി 55 മാതൃകാപരീക്ഷകൾ നടത്തി. 55 പിഎസ്‌സി പരീക്ഷയെഴുതിയ അനുഭവമാണ് ഈ മാതൃകാപരീക്ഷകൾ നല്‍കിയത്.

തീര്‍ത്തും സൗജന്യമായാണ് പരിശീലനം. പ്രഗത്ഭരായ അധ്യാപകരും ഗ്രന്ഥാലയം പ്രവര്‍ത്തകരും നേരത്തെ ഗ്രന്ഥാലയത്തിൽ നടന്ന പരീക്ഷാപരിശീലനത്തിലൂടെ ജോലി ലഭിച്ചവരുമാണ് സന്നദ്ധപ്രവര്‍ത്തനം എന്ന നിലയിൽ ക്ലാസെടുക്കുന്നത്. എല്‍സിഡി പ്രൊജക്ടർ, റഫറന്‍സ് ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി സൗകര്യങ്ങൾ പരിശീനത്തിനായി പ്രയോജനപ്പെടുത്തുന്നു. കോംപറ്റീഷൻ സക്‌സസ് റിവ്യൂ, പിഎസ്‌സി ബുള്ളറ്റിൻ, തൊഴിൽ വാര്‍ത്ത, വിവിധ പ്രസാധകർ പുറത്തിറക്കുന്ന ഗൈഡുകൾ, ഡിജിറ്റൽ ലൈബ്രറിയിലെ പഠന സിഡികൾ,  എഴുപതോളം ആനുകാലികങ്ങൾ തുടങ്ങിയവ ഉദ്യോഗാര്‍ഥികള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ അയക്കാനും സൗകര്യമുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം ധാരാളം വിദ്യാര്‍ഥികളും പിഎസ്‌സി പരീക്ഷാ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നു. മുഴുവൻ സമയ ക്ലാസുകളിൽ ഉദ്യോഗാര്‍ഥികള്‍ക്ക് ലഘുഭക്ഷണം നല്‍കാറുണ്ട്. തൊഴില്‍വാര്‍ത്ത, പിഎസ്‌സി ബുള്ളറ്റിൻ പോലുള്ള പ്രസിദ്ധീകരണങ്ങളിൽ വരുന്ന ചോദ്യങ്ങൾ ഫയൽ ചെയ്ത് ഗ്രന്ഥാലയം സ്വന്തമായി ക്വസ്റ്റൻ ബാങ്ക് തയ്യാറാക്കിയിട്ടുണ്ട്.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, കെഎസ്ഇബി മസ്ദൂർ, എല്‍ഡി ക്ലര്‍ക്ക് പരീക്ഷകളോടനുബന്ധിച്ച് ജില്ലാതലത്തിൽ പിഎസ്‌സി ഉദ്യോഗസ്ഥരെയും ട്രെയിനര്‍മാരെയും പങ്കെടുപ്പിച്ച് മാര്‍ഗനിര്‍ദേശക ക്ലാസും മാതൃകാപരീക്ഷയും നടത്തിവരുന്നു. എല്‍ഡി ക്ലര്‍ക്ക് പരീക്ഷയിൽ 44 പേർ പങ്കെടുത്തു

റാങ്ക്‌ലിസ്റ്റുകളിൽ ഇടംനേടിയവരെ ഗ്രന്ഥാലയത്തിൽ പൊതുപരിപാടി സംഘടിപ്പിച്ച് അനുമോദിക്കാറുണ്ട്. കൂടുതൽ യുവജനങ്ങള്‍ക്ക്പരീക്ഷാപരീശീലനത്തിൽ പങ്കെടുക്കുന്നതിന് പ്രോത്സാഹനമാവാൻ ഇത്തരം അംഗീകാരം സഹായിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണിത്. ഒരു വീട്ടിൽ ഒരാള്‍ക്ക് സര്‍ക്കാർ ജോലിയെന്ന ആശയം ഏതാണ്ട് പാതിദൂരം പിന്നിടുമ്പോൾ സമയപരിധിക്കകം പൂര്‍ണലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഗ്രന്ഥാലയം പ്രവര്‍ത്തകർ.

സന്നദ്ധ- ജീവകാരുണ്യ മേഖലയിലെ പ്രധാന ദൗത്യമാണ് രക്തദാനസേന നിര്‍വഹിക്കുന്നത്. വര്‍ഷങ്ങളായി ഗ്രന്ഥാലയത്തിൽ രക്തദാനസേന നിലവിലുണ്ട്. ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രന്ഥാലയം ‘സമ്പൂര്‍ണ രക്തദാനഗ്രാമം’ പദ്ധതി പ്രഖ്യാപിച്ചു. വായനശാലാ പരിധിയിലെ 18നും 35നും ഇടയിൽ പ്രായമുള്ള മുഴുവൻ യുവതീയുവാക്കളും രക്തദാനസേനയിൽ അംഗങ്ങളാണ്. ഇവരുടെ പൊതുവിവരങ്ങളും വിലാസവും ഫോണ്‍നമ്പറും ഉള്‍പ്പടെ രേഖപ്പെടുത്തിയ രക്തഗ്രൂപ്പ് ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. ഗ്രന്ഥാശാല എക്‌സിക്യൂട്ടീവ് അംഗങ്ങൾ മുഴുവനും പരിയാരം മെഡിക്കൽ  കോളേജിൽ നേത്രദാന- അവയവദാന സമ്മതപത്രം കൈമാറിയിട്ടുണ്ട്.

മുഴുവൻ വീടുകളിലും വനിതാവേദിയുടെ നേതൃത്വത്തിൽ സര്‍വേ നടത്തിയാണ് ഡയറക്ടറിയുടെ വിവരശേഖരണം നടത്തിയത്. രക്തഗ്രൂപ്പ് അറിയാത്തവര്‍ക്കായി പിന്നീട് ഗ്രൂപ്പ് നിര്‍ണയക്യാമ്പും ബോധവല്‍കരണ ക്ലാസും നടത്തി. ഈ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഡയറക്ടറി തയ്യാറാക്കിയത്. ഇതിനകം സേനയിലെ നൂറിലധികം പേർ രക്തദാനം നടത്തി.

കാര്‍ഷികമേഖലയിലും പരിസ്ഥിതി പ്രചാരണരംഗത്തും  നിരവധി പ്രവര്‍ത്തനങ്ങൾ ഗ്രന്ഥാലയം ഏറ്റെടുക്കാറുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നാച്വർ ക്ലബ്, കാര്‍ഷിക ക്ലബ് എന്നീ വിഭാഗങ്ങളാണ് നേതൃത്വം നല്‍കുന്നത്. കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തിൽ 100 വീടുകളിൽ അടുക്കളത്തോട്ടം, പച്ചക്കറി വിത്ത് വിതരണം എന്നീ പദ്ധതികൾ നടപ്പാക്കി. ഗ്രന്ഥാലയത്തിന്റെ കീഴിൽ രൂപീകരിച്ച കാര്‍ഷിക ക്ലബ് സ്വന്തമായി ഒന്നരയേക്കറിൽ സംഘകൃഷി ചെയ്തുവരുന്നു.

പരിസ്ഥിതി സംരക്ഷണം ലോകമെമ്പാടും സജീവ പരിഗണന അര്‍ഹിക്കേണ്ട അജണ്ടയാണെന്ന തിരിച്ചറിവിൽ നിന്നാണ് നാച്വർ ക്ലബിന്റെ തുടക്കം. ക്ലബിന്റെ രൂപീകരണത്തിന് ശേഷം ഇതിനകം 4 പ്രകൃതി പഠനക്യാമ്പുകളും നിരവധി പ്രകൃതി പഠനയാത്രകളും സംഘടിപ്പിക്കുകയുണ്ടായി. വനം-വന്യജീവി വകുപ്പുമായി സഹകരിച്ച് ആറളം, പീച്ചി, മുത്തങ്ങ, മൂന്നാർ എന്നിവിടങ്ങളിലായിരുന്നു പ്രകൃതി പഠനക്യാമ്പുകൾ. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും പ്രകൃതിക്ക് ഇണങ്ങിയ ജീവിത ശൈലി ഉണ്ടാക്കുന്നതിനും ക്യാമ്പുകൾ സഹായിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ എല്ലാ ക്യാമ്പുകളിലും 50 ഓളം പേർ അംഗങ്ങളായിരുന്നു.

നാച്വർ ക്ലബിന്റെ അഭ്യര്‍ഥന പ്രകാരം ഗ്രന്ഥാലയവും അനുബന്ധസ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളിൽ നിന്ന് ഫഌ്‌സ് ബോര്‍ഡുകൾ, പ്ലാസ്റ്റിക് തോരണങ്ങൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ എന്നിവ ഒഴിവാക്കി. സമീപത്തെ വീടുകളിലെ വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകളിലും പ്ലാസ്റ്റിക് ഗ്ലാസുകൾ ഒഴിവാക്കുന്നതിനായി നാച്വർ ക്ലബ് അഞ്ഞുറോളം കുപ്പി ഗ്ലാസുകൾ വാടകയില്ലാതെ വിതരണം ചെയ്തുവരുന്നു.

നാച്വർ ക്ലബിന്റെ നേതൃത്വത്തിൽ 2011ൽ നടപ്പാക്കിയ എന്റെ നെല്ലിമരം പദ്ധതിയിലൂടെ 250 കുടുംബങ്ങള്‍ക്ക് 2 വീതം നെല്ലി തൈകൾ വിതരണം ചെയ്തു. നാഷണൽ അംല മിഷനും സംസ്ഥാന സര്‍ക്കാർ സ്ഥാപനമായ ഔഷധിയുമായും സഹകരിച്ചാണ് ഗ്രാഫ്റ്റ് ചെയ്ത നെല്ലിത്തൈകൾ വിതരണം ചെയ്തത്. കാസര്‍കോട് നീലേശ്വരത്തിനടുത്ത് 32 ഏക്കറിൽ വനംനിര്‍മ്മിച്ച് ആഗോളശ്രദ്ധ നേടിയ അബ്ദുൾ കരീമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

കുടുംബങ്ങളും ഗ്രന്ഥശാലയും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി എല്ലാവര്‍ഷവും 2-3 വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. ഊട്ടി, മൈസൂർ, കുടക്, കന്യാകുമാരി, തേക്കടി, മൂന്നാർ, മലമ്പുഴ, ബേക്കൽ, ധനുഷ്‌കോടി, മധുര, രാമേശ്വരം, പഴനി, തോല്‍പ്പെട്ടി, വയനാട്, പക്ഷിപാതാളം, കോവളം, ലക്ഷദ്വീപ്, ഡല്‍ഹി,കുടക്- മൈസൂർ- തലക്കാവേരി, രാമേശ്വരം-പഴനി-മധുര-മലമ്പുഴ, തിരുവനന്തപുരം- കന്യാകുമാരി തുടങ്ങിയ ടൂറിസ്റ്റ് പോയിന്റുകളിലേക്ക് സമീപവര്‍ഷങ്ങളിൽ യാത്ര നടത്തി.

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തായംപൊയിൽ എഎല്‍പി സ്‌കൂളുമായി സഹകരിച്ച് നിരവധി പ്രവര്‍ത്തനങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികളെ വായനയിലേക്ക്  കൊണ്ടുവരുന്നതിനായി ഗ്രന്ഥാലയത്തിന് സമീപത്തെ സ്‌കൂളുകളിൽ പുസ്തകമെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതി 17 വര്‍ഷം മുമ്പേ ആരംഭിച്ചിരുന്നു. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സംരക്ഷണ സമിതി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു.

അയല്‍പക്ക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ യുപി സ്‌കൂൾ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിയ സ്മാര്‍ട് ഇംഗ്ലീഷ് പരിശീലനം, ഗണിതം മധുരം, മള്‍ട്ടി മീഡിയ പഠന പദ്ധതി, സ്വീറ്റ് ഇംഗ്ലീഷ് പരിശീലനം എന്നിവ ഈ മേഖലയിലെ ദീര്‍ഘവീക്ഷണമുള്ള ചുവടുവെപ്പുകളാണെന്ന് ഞങ്ങൾ കരുതുന്നു. സ്‌കൂളുമായി സഹകരിച്ച് എല്ലാവര്‍ഷങ്ങളിലും വായനാവാരാചരണം, വായനാമത്സരം, സ്വാതന്ത്ര്യദിനാഘോഷം, ഓണാഘോഷം, ഇഫ്താര്‍സംഗമം എന്നിവ നടത്താറുണ്ട്. രണ്ട് എന്‍എസ്എസ് സപ്തദിന ക്യാമ്പിന് ഗ്രന്ഥാലയം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. മയ്യിൽ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂൾ, കണ്ണൂർ ഗവ. പോളിടെക്‌നിക് എന്നീ സ്ഥാപനങ്ങളുടെ ക്യാമ്പുകളാണ് 2009, 2010 വര്‍ഷങ്ങളിൽ നടന്നത്.

സമൂഹം അടിമുടി വര്‍ഗീയമായും സാമുദായികമായും ചേരിതിരിഞ്ഞുകൊണ്ടിരിക്കുന്ന നടപ്പുകാലത്ത്് ഗ്രന്ഥാലയത്തിന് ഈ മേഖലയിൽ ഏറെ ശ്രമകരമായ ദൗത്യങ്ങൾ ചെയ്തുതീര്‍ക്കാനുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇഫ്താർ സംഗമവും ഓണവിരുന്നും ക്രിസ്മസ് ആഘോഷവും ഗ്രന്ഥാലയം സംഘടിപ്പിക്കാറുള്ളത് ഈ ബോധ്യത്തിലാണ്. ഈ വര്‍ഷത്തെ ഇഫ്താർ സംഗമത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നാനൂറിലധികം പേർ പങ്കെടുത്തു. എല്ലാവര്‍ഷവും തായംപൊയിൽ എഎല്‍പി സ്‌കൂളുമായി സഹകരിച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി ഓണസദ്യയും നടത്തുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്മസ് കരോൾ നടത്താറുണ്ട്. മാനവീകതയുടെ സന്ദേശമുണര്‍ത്തുന്ന കൂട്ടായ്മയായി ഈ ആഘോഷങ്ങൾ മാറുന്നു.

ശാന്തമായ അന്തരീക്ഷമുള്ള വായനാമുറിയാണ് ഗ്രന്ഥാലയത്തിന്റെ  പ്രധാന സവിശേഷത. ഗ്രന്ഥാലയത്തിൽ എഴുപതോളം ആനുകാലികങ്ങളും ദിനപത്രങ്ങളുമുണ്ട്. ഗ്രന്ഥാലയം സംഘടിപ്പിച്ച പിഎസ്‌സി പരീക്ഷാ പരിശീലനത്തിലൂടെ ജോലി ലഭിച്ച മുഴുവന്‍പേരും ഗ്രന്ഥാലയത്തിലേക്ക് കുറഞ്ഞത് ഒരു പ്രസിദ്ധീകരണമെങ്കിലും സംഭാവന ചെയ്യുന്നു. ഇവര്‍ക്കൊപ്പം നാട്ടുകാരും വായനക്കാരും സ്‌പോണ്‍സര്‍മാരായുണ്ട്. സ്ത്രീകൾ ഉള്‍പ്പടെ ഒട്ടേറെ വായനക്കാർ ഗ്രന്ഥാലയത്തിൽ ആനുകാലികങ്ങളുടെ വായനക്കായി എത്തുന്നു.

റേഷൻ കാര്‍ഡ്, വൈദ്യുതി കണക്ഷൻ, ഇലക്ഷൻ തിരിച്ചറിയൽ കാര്‍ഡ്, വോട്ടര്‍പട്ടികയിൽ പേര് ഉള്‍പ്പെടുത്തൽ, ആധാര്‍കാര്‍ഡ്, റവന്യുകാര്‍ഡുകൾ, പട്ടയം, ചികിത്സാസഹായം, ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം, ക്ഷേമനിധി അംഗത്വം, മണൽ ബുക്കിംഗ്, വായ്പകള്‍ക്കും മറ്റുമുള്ള രേഖകൾ തയ്യാറാക്കൽ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നാട്ടുകാർ പലപ്പോഴും ആശ്രയിക്കുന്നത് ഗ്രന്ഥാലയത്തെയാണ്. എല്ലാവിധ ഓണ്‍ലൈൻ അപേക്ഷകളും ഇ ഡിസ്ട്രിക്ട് പദ്ധതി പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കുമുള്ള അപേക്ഷ സൗജന്യമായി അയക്കുന്നതിന് ഗ്രന്ഥാലയത്തിൽ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും  സമയബന്ധിതമായും കുറ്റമറ്റ രീതിയിലും ലഭിക്കുന്നതിന് ഗ്രന്ഥാലയം ഇടപെടാറുണ്ട്.

സഫ്ദര്‍ഹാശ്മി ഗ്രന്ഥാലയത്തിന്റെ ചരിത്രം വിഭവദാരിദ്ര്യം നന്നേയുള്ള ഗ്രാമീണ സമൂഹത്തിൽ ഒരു സാംസ്‌കാരിക സ്ഥാപനത്തിന് എങ്ങിനെയൊക്കെ ഇടപെടാൻ കഴിയും എന്നതിന്റെ കൂടി ചരിത്രമാണ്. നിസ്വാര്‍ഥമായ സേവനത്തിലൂടെ ഗ്രാമത്തിന്റെ  വിളക്കായി മാറിയ ഒരു കുഞ്ഞുസ്ഥാപനത്തിന്റെ നാള്‍വഴി കുറിപ്പുകളാണ് ഇത്.

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗ്രന്ഥാലയങ്ങൾ പ്രവര്‍ത്തിക്കുന്ന ഗ്രാമമായ, ഗ്രന്ഥാലയങ്ങളുടെ നാടെന്ന് പുകള്‍പെറ്റ മയ്യിലിന്റെ സാംസ്‌കാരിക ജാഗ്രതയുടെ സാരഥിയാണ് ഈ സ്ഥാപനം. നാടിന്റെ സാമൂഹ്യജീവിതം ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം ചലനാത്മകവും സംവാദാത്മകവുമാക്കി മാറ്റുന്ന ചാലകശക്തിയായി ഗ്രന്ഥാലയം മാറിയിട്ടുണ്ട്. നാടിന്റെ സാമൂഹ്യജീവിതത്തിന്റെ ഓരോ അണുവിലും ഗ്രന്ഥാലയം പകര്‍ന്ന പ്രസരിപ്പ് തെളിഞ്ഞുകാണാം. മറ്റൊരര്‍ഥത്തിൽ  നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിയിൽ ഗ്രന്ഥാലയവും ഗ്രന്ഥാലയത്തിന്റെ വളര്‍ച്ചയിൽ നാടും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്നു.